തിരൂരങ്ങാടി: മൂന്നിയൂര്‍ വെളിമുക്കില്‍ പുതുതായി നിര്‍മ്മിക്കുന്ന 9 ബൈത്തുറഹ്മ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആറ് വീടുകള്‍ക്ക് കട്ടില വെക്കല്‍ കര്‍മ്മം പൂര്‍ത്തീകരിച്ചു. നേരത്തെ വെളിമുക്കില്‍ ആറ് വീടുകള്‍ ഉള്‍ക്കൊള്ളിച്ച് സമര്‍പ്പിച്ച ബൈത്തുറഹ്മ വില്ലേജിന് പുറമെയാണ് വില്ലേജിനകത്ത് ആറ് കുടുംബങ്ങള്‍ക്ക് താമസയോഗ്യമായ വീടും അപ്പാര്‍ട്ട് മെന്റും, വെളിമുക്ക് കൂഫ പ്രദേശത്ത് മൂന്ന് വീടുകളുമൊരുങ്ങുന്നത്.മലപ്പുറം ജില്ല മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷന്‍ എം.എ ഖാദറിന്റെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ടു പോകുന്നത്.
പ്രദേശത്തെ അശരണരും, പാവപ്പെട്ടവരുമായ ആളുകള്‍ക്ക് തണലൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലെ വീടുകള്‍ക്ക് പുറമെ ഒന്‍പത് വീടുകളുടെ കൂടെ പണി പുരോഗമിക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ വീടുകള്‍ താമസയോഗ്യമാകുന്നതോടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ബൈത്തുറഹ്മ വീടുകളൊരുക്കിയ ഖ്യാതിയും കൂടെ ഈ പ്രദേശത്തിന് സ്വന്തമാകും.
ബൈത്തുറഹ്മ വില്ലേജ് പുതിയ വീടുകളുടെ കട്ടില വെക്കല്‍ കര്‍മ്മം വെളിമുക്ക് ജുമുഅത്ത് പള്ളി ഇമാം കുഞ്ഞാപ്പു മുസ്ലിയാര് നിര്‍വ്വഹിക്കുകയും, വെളിമുക്ക് കൂഫയിലെ മൂന്ന് വീടുകളുടെ കട്ടിലവെക്കല്‍ കര്‍മ്മം പൗരപ്രമുഖരുടെ സാന്നിധ്യത്തില്‍ ടി.കെ അബൂബക്കര്‍ മുസ്ലിയാര് , സി.പി മാര്‍ബിള്‍സ് ചെയര്മാന് സി പി അബ്ദുള്ള സാഹിബ്, പി.എം മൊയ്തീന് കുട്ടി മുസ്ലിയാര് എന്നിവര്‍ നിര്‍വ്വഹിച്ചു.
ചടങ്ങിന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് എം.എ ഖാദര്‍ സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ബൈത്തുറഹ്മ നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് എറക്കുത്ത് നാസര്‍ സാഹിബ്, എം.എ ലത്തീഫ് , സി.കുഞ്ഞിബാവ മാസ്റ്റര്‍, എറക്കുത്ത് അബ്ദുറഹ്മാന്, എം.അലി മാസ്റ്റര്‍, ഹനീഫ മൂന്നിയൂര്‍, ഹനീഫ ആച്ചാട്ടില്‍, യു ശംസുദ്ധീന്‍, എം.എ റാഫി, താഹിര്‍ കൂഫ, മുനീര്‍ മാസ്റ്റര്‍, യു.ഉമ്മര്‍കോയ, ജാഫര്‍ മണക്കടവന്‍, മുനീര്‍ ഹുദവി, ആശിഖ് ചോനാരി, ശമീം പാലക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
