കാസര്‍കോട് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്മുസ്‌ലിം ലീഗിന് പൊല്ലാപ്പാകുന്നു

മലപ്പുറം- മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി.ഖമറുദ്ദീന്‍ ഉള്‍പ്പെട്ട കാസര്‍കോട്ടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് മുസ്്‌ലിം ലീഗിന് പൊല്ലാപ്പാകുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരാനിരിക്കെ ലീഗിന് കടുത്ത രാഷ്ട്രീയ വെല്ലുവിളിയായി ഈ കേസ് മാറുകയാണ്. കാസര്‍കോട്ടെ ഫാഷന്‍ ജ്വല്ലറിയുമായി ബന്ധപ്പെട്ട വിവാദം ഒരു വര്‍ഷത്തോളമായി നീറിപുകയുകയായിരുന്നു. എന്നാല്‍ പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകര്‍ പരാതിയുമായി മുന്നോട്ടു വന്നോടെയാണ് ലീഗിനെയും അത് ബാധിച്ചു തുടങ്ങിയത്.
പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന നേതൃത്വം ഇടപെട്ട് ചില നിര്‍ദേശങ്ങള്‍ എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ.ക്ക് നല്‍കിയിട്ടുണ്ട്. നിക്ഷേപകരുടെ പണം ആറുമാസത്തിനകം തിരിച്ചു നല്‍കാന്‍ ഖമറുദ്ദീനോട് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ഖമറുദ്ദീനെ കാസര്‍കോട് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്. ഖമറുദ്ദീന്റെ ആസ്തിയും ബാധ്യതകളും സംബന്ധിച്ച് പാര്‍ട്ടി ഈ മാസം മുപ്പതിനകം കണക്കെടുപ്പ് നടത്തും. ഇതിനായി കാസര്‍കോട് ജില്ലാ ട്രഷറര്‍ കലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തി. ആരോപണ വിധേയമായ ജ്വല്ലറിയുമായി ബന്ധമുള്ള കാസര്‍കോട്ടെ പാര്‍ട്ടി അംഗങ്ങളോട് പദവികളില്‍ നിന്ന് മാറി നില്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറത്ത് നടന്ന മുസ്‌ലിം ലീഗിന്റെ അടിയന്തിര യോഗമാണ് നിര്‍ദേശം മുന്നോട്ടു വച്ചത്. ഖമറുദ്ദീനെ നേരിട്ട് പാണക്കാട്ടേക്ക് വിളിപ്പിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. ഖമറുദ്ദീന്‍ കാസര്‍കോട് നിന്ന് മലപ്പുറത്തേക്ക് തിരിച്ചിരുന്നു. എന്നാല്‍ നേരിട്ട് എത്തേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു. മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ നേതാക്കളുമായി പാര്‍ട്ടി സംസ്ഥാന നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലികുട്ടിയും കെ.പി.എ മജീദും ഫോണില്‍ സംസാരിച്ചു. തുടര്‍ന്നാണ് തീരുമാനങ്ങള്‍ എടുത്തത്. പാര്‍ട്ടി തീരുമാനങ്ങള്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കാസര്‍കോട് ജില്ലാ ഭാരവാഹികളെയും എം.സി.ഖമറുദ്ദീന്‍ എം.എല്‍.എയെയും ഫോണില്‍ വിളിച്ച് അറിയിച്ചു.
ഖമറുദ്ദീനെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു കഴിഞ്ഞ ദിവസം ലീഗ് നേതാക്കള്‍ എടുത്ത തീരുമാനം. ഇതനുസരിച്ച് ഇന്നലെ പാണക്കാട് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. കാസര്‍കോട് നിന്ന് ഇന്നലെ രാവിലെ മലപ്പുറത്തേക്ക് തിരിച്ച ഖമറുദ്ദീനോട് നേരിട്ട് എത്തേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം താന്‍ മലപ്പുറത്തെത്തിയിട്ടുണ്ടെന്ന് ഖമറുദ്ദീന്‍ അറിയിച്ചു. എന്നാല്‍ പാണക്കാട് തങ്ങളെ നേരില്‍ കാണാന്‍ എം.എല്‍.എ.ക്ക് അനുമതി ലഭിച്ചില്ല. തങ്ങളുമായി ഖമറുദ്ദീന്‍ കൂടിക്കാഴ്ച നടത്തുന്നത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന ആശങ്ക മൂലമാണ് നേതൃത്വം ഖമറുദ്ദീനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയതെന്നാണ് സൂചന. ഹൈദരലി തങ്ങള്‍ക്കൊപ്പം ഈ സമയത്ത് ഖമറുദ്ദീന്‍ വരുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പാര്‍ട്ടിക്കെതിരായ പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുമെന്ന് ലീഗ് നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്.
കാസര്‍കോട് നടന്നത് നിക്ഷേപ തട്ടിപ്പ് അല്ലെന്നും ബിസിനസിലുണ്ടായ തകര്‍ച്ചയാണെന്നുമാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കി പരിഹരിക്കണമെന്നാണ് നിലപാട്. കേസുമായി മുന്നോട്ടു പോകുന്നവരെ തടയേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലാ കമ്മിറ്റി ഈ പ്രശ്്‌നം പരിഹരിക്കണമെന്ന നിര്‍ദേശമാണ് പാണക്കാട് നിന്ന് നല്‍കിയിട്ടുള്ളത്.
അതേസമയം, ഈ കേസ് മുസ്‌ലിം ലീഗിനെതിരായ രാഷ്ട്രീയ ആയുധമാക്കി സി.പി.എം. ഉപയോഗിക്കാന്‍ തുടങ്ങി. പ്രശ്്‌നം വേഗത്തില്‍ പരിഹരിച്ചാല്‍ തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലീഗിനെതിരെ ഈ കേസ് ഇടതുപക്ഷം ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *