പിറന്നാള്‍; പണിപോകുമോ ?

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ പിറന്നാള്‍ ആര്‍ടിഒ ഓഫീസുകളില്‍ ആഘോഷിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ മന്ത്രിയും ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദും വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ഡല്‍ഹിയിലായ മന്ത്രി വെള്ളിയാഴ്ചയെ കേരളത്തില്‍ എത്തൂ. ബുധനാഴ്ചയാണ് തച്ചങ്കരിയുടെ പിറന്നാള്‍ സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളില്‍ ആഘോഷിക്കാന്‍ രേഖമൂലം നിര്‍ദ്ദേശം വന്നത്. അദ്ദേഹം തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം രേഖമൂലം ഓഫീസുകള്‍ക്ക് നല്‍കിയത്. തന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കണമെന്നും എല്ലാ ഓഫീസുകളിലും മധുരപലഹാരങ്ങള്‍ എത്തുമെന്നും തികയാതെ വന്നാല്‍ വാങ്ങി നല്‍കി ബില്‍ അയച്ചാല്‍ പണം നല്‍കുമെന്നുമായിരുന്നു രേഖാമൂലമുള്ള അറിയിപ്പ്. സംഭവം വാര്‍ത്തയായതോടെയാണ് അന്വേഷിക്കാന്‍ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. തച്ചങ്കരിയുടെ നടപടിയിലെ ഔചത്യം ചോദ്യം ചെയ്ത് ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തുവന്നിരുന്നു. എങ്കിലും പരസ്യ പ്രതികരണത്തിന് ആരും തയാറായില്ല. ഇക്കാര്യത്തില്‍ അദ്ദേഹം തന്നെ ഔചത്യം പരിശോധിക്കേണ്ടതായിരുന്നുവെന്നാണ് ചീഫ് സെക്രട്ടറി പ്രതികരിച്ചത്. പിറന്നാള്‍ ആഘോഷിച്ചത് ചട്ടലംഘനം അല്ലെങ്കിലും നടപടി തെറ്റായിപ്പോയി എന്നാണ് പൊതുവികാരം. അന്വേഷണം നടന്നാലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തച്ചങ്കരിക്കെതിരേ നടപടിയൊന്നും ഉണ്ടാകില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *