തിരുവനന്തപുരം: എ ടി എം തട്ടിപ്പ് നടത്തിയ ഗബ്രിയേലിനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ആല്‍ത്തറ ജംഗ്ഷനിലെ എസ് ബി ഐ എ ടി എമ്മില്‍ നിന്നു നാലംഗ വിദേശ സംഘം കടത്തിയത് അന്‍പതോളം പേരുടെ അക്കൗണ്ട് വിവരങ്ങള്‍. എ ടി എമ്മിന്റെ ഡാറ്റാ കേബിള്‍ വേര്‍പെടുത്തി വൈ ഫൈ സൗകര്യമുള്ള റൗട്ടര്‍ സ്ഥാപിച്ച് അതു വഴി ഫോണിലേക്ക് ഇടപാടുകാരുടെ വിവരങ്ങള്‍ കൈമാറിയായിരുന്നു തട്ടിപ്പ്. വൈ ഫൈ വഴിയും പെന്‍ഡ്രൈവ് ഉപയോഗിച്ചും റൗട്ടറില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ക്യാമറയിലൂടെ പിന്‍ നമ്പര്‍ ചോര്‍ത്തി. റൗട്ടര്‍ സ്ഥാപിക്കാന്‍ കേബിള്‍ വേര്‍പെടുത്തിയപ്പോഴും തിരികെ ഘടിപ്പിച്ചപ്പോഴും മെഷിന്‍ ഓഫ് ആകുകയും ബാങ്ക് കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പ് സന്ദേശം എത്തിക്കുകയും ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അപ്പോള്‍ ഔദ്യോഗിക ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു നടപടി സ്വീകരിച്ചിരുന്നെങ്കില്‍ വന്‍ തട്ടിപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും പൊലീസ് ഉടന്‍ സുരക്ഷാ പ്രോട്ടോകോള്‍ കൈമാറും.
