മലപ്പുറം: മുങ്ങുന്ന കപ്പലിലേക്കാണ് ജോസ് കെ.മാണിയും കൂട്ടരും കയറുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇടത് മുന്നണിയില്‍ ചേരാനുള്ള അജന്‍ഡ നേരത്തേ അവരുടെ മനസിലുണ്ടായിരുന്നതുകൊണ്ടാകാം യു.ഡി.എഫ് നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെടാനിയായതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജോസ് വിഭാഗത്തിന്റെ നടപടി യു.ഡി.എഫിനെ ബാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യസഭാ സീറ്റ് രാജിവയ്ക്കുമെന്ന് ജോസ് കെ.മാണി പറയുന്നത് വെറും നാടകമാണ്. പി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസിലെ നേതാക്കളും അണികളും ഇപ്പോഴും യു.ഡി.എഫിനൊപ്പമുണ്ട്. കെ.എം.മാണി യു.ഡി.എഫ് വിട്ട ശേഷം തിരിച്ചുവന്നപ്പോഴുണ്ടാക്കിയ കരാര്‍ കയ്യിലുണ്ട്. അതേസമയം പുതിയ തീരുമാനത്തെക്കുറിച്ച് ജോസ് കെ.മാണിയെ പഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇടത് മുന്നണിയില്‍ ചേര്‍ന്നത് കൊണ്ട് അവര്‍ക്ക് ഒരു ഗുണവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
