എം ശിവശങ്കറിനെ ന്യൂറോളജി വിഭാ​​ഗത്തിലേയ്ക്ക് വിദ​ഗ്ധ പരിശോധനയ്ക്കായി മാറ്റി

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടുവേദനയുണ്ടെന്ന് പറഞ്ഞ ശിവശങ്കറിന്റെ ഡിസ്കിന് തകരാറുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെയാണ് ന്യൂറോളജി വിഭാ​​ഗത്തിലേയ്ക്ക് വിദ​ഗ്ധ പരിശോധനയ്ക്കായി മാറ്റിയത്.

ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനെ രാവിലെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആന്‍ജിയോഗ്രാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശിവശങ്കറിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ശിവശങ്കറിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുന്നതും കസ്റ്റംസ് പരിഗണിക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് നാടകീയമായി കസ്റ്റംസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത് ഓഫീസിലേക്ക് കൊണ്ടുവരുന്ന വഴിയ്ക്കാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്.

അഭിഭാഷകനുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. തുടര്‍ന്ന് ഭാര്യ ജോലി ചെയ്യുന്ന കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ ശിവശങ്കറിനെ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, നാല് മണിക്കൂറോളം കസ്റ്റംസ് സംഘം ആശുപത്രിയില്‍ കാത്തുനിന്നു. എന്‍ഐഎ ഉദ്യോഗസ്ഥരും വിവരങ്ങള്‍ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *