വിസ കാലാവധി കഴിഞ്ഞവരുടെ മടക്കം ഒാണ്‍ലൈന്‍ രജിസ്​ട്രേഷന്‍ ഒരുക്കും

മസ്​കത്ത്​: വിസ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികള്‍ക്ക്​ പിഴയടക്കാതെ നാട്ടിലേക്ക്​ മടങ്ങ​ുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന്​ തൊഴില്‍ മന്ത്രാലയം വക്​താവ്​ പറഞ്ഞു. നടപടികള്‍ സുഗമമാക്കുന്നതിനായി തൊഴില്‍ മന്ത്രാലയം പ്രത്യേക സംഘത്തിന്​ രൂപം നല്‍കിയിട്ടുണ്ട്​. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ്​ പിഴ ഒഴിവാക്കി നാട്ടിലേക്ക്​ മടങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട പിഴകളാണ്​ ഒഴിവാക്കി നല്‍കുകയെന്നാണ്​ മന്ത്രാലയം അറിയിച്ചിട്ടുള്ളത്​. നാട്ടിലേക്ക്​ മടങ്ങുന്നവര്‍ക്ക്​ രജിസ്​റ്റര്‍ ചെയ്യാനുള്ള ഒാണ്‍ലൈന്‍ സംവിധാനം അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനക്ഷമമാകും. സ്​പോണ്‍സറുടെ സഹായത്തോലോ സനദ്​ സെന്‍ററുകളില്‍ എത്തിയോ ഒാണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്​റ്റര്‍ ചെയ്യാന്‍ സാധിക്കും. പാസ്​പോര്‍ട്ട്​ നഷ്​ടമായവരും കാലാവധി കഴിഞ്ഞവരുമെല്ലാം അതത്​ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട്​ രേഖകള്‍ ശരിയാക്കണം. തുടര്‍ന്ന്​ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ തൊഴില്‍ മന്ത്രാലയം ഒാഫിസിലെത്തി പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്​, യാത്രാ ടിക്കറ്റ്​ തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം.

അതേസമയം, തൊഴില്‍ മന്ത്രാലയത്തില്‍ കൂടുതല്‍ വിശദീകരണത്തിനായി കാക്കുകയാണെന്ന്​ ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ വിശദ വിവരങ്ങള്‍ ലഭ്യമായ ശേഷമാണ്​ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. വിദേശതൊഴിലാളികള്‍ക്ക്​ നാട്ടിലേക്ക്​ മടങ്ങാന്‍ അവസരമൊരുക്കുന്നതിനുള്ള തീരുമാനത്തെ ഒമാന്‍ ചേംബര്‍ ഒാഫ്​ കോമേഴ്​സ്​ സ്വാഗതം ചെയ്​തു. തൊഴില്‍ വിപണി ക്രമപ്പെടുത്താന്‍ ഇൗ തീരുമാനം സഹായകരമാകുമെന്ന് ചേംബര്‍ ചെയര്‍മാന്‍ റിദ ബിന്‍ ജുമാ അല്‍ സാലെഹ്​ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *