മസ്കത്ത്: വിസ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികള്‍ക്ക് പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് പറഞ്ഞു. നടപടികള്‍ സുഗമമാക്കുന്നതിനായി തൊഴില്‍ മന്ത്രാലയം പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് പിഴ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട പിഴകളാണ് ഒഴിവാക്കി നല്‍കുകയെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഒാണ്‍ലൈന്‍ സംവിധാനം അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തനക്ഷമമാകും. സ്പോണ്‍സറുടെ സഹായത്തോലോ സനദ് സെന്ററുകളില്‍ എത്തിയോ ഒാണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. പാസ്പോര്‍ട്ട് നഷ്ടമായവരും കാലാവധി കഴിഞ്ഞവരുമെല്ലാം അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കണം. തുടര്‍ന്ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ തൊഴില്‍ മന്ത്രാലയം ഒാഫിസിലെത്തി പി.സി.ആര് സര്‍ട്ടിഫിക്കറ്റ്, യാത്രാ ടിക്കറ്റ് തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം.
അതേസമയം, തൊഴില്‍ മന്ത്രാലയത്തില്‍ കൂടുതല്‍ വിശദീകരണത്തിനായി കാക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ വിശദ വിവരങ്ങള്‍ ലഭ്യമായ ശേഷമാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. വിദേശതൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുന്നതിനുള്ള തീരുമാനത്തെ ഒമാന്‍ ചേംബര്‍ ഒാഫ് കോമേഴ്സ് സ്വാഗതം ചെയ്തു. തൊഴില്‍ വിപണി ക്രമപ്പെടുത്താന്‍ ഇൗ തീരുമാനം സഹായകരമാകുമെന്ന് ചേംബര്‍ ചെയര്മാന് റിദ ബിന്‍ ജുമാ അല്‍ സാലെഹ് പറഞ്ഞു.
