ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ സെെന്യത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ പതിനൊന്ന് പാകിസ്ഥാന്‍ സെെനികര്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ പതിനാറ് പാക് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് പാകിസ്ഥാന്‍ ആര്‍മി സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്‌എസ്ജി) കമാന്‍ഡോകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഇന്നലെ ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം യാതൊരു പ്രകോപനവുമില്ലാതെ വെടിനിറുത്തല്‍ കരാര്‍ ലംഘനം നടത്തുകയായിരുന്നു. ഉറി മുതല്‍ ഗുരസ് വരെയുള്ള ഒന്നിലധികം മേഖലകളിലാണ് പാകിസ്ഥാന്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത്. വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ ബി.എസ്.എഫ് സബ് ഇന്‍സ്പെക്ടര്‍ വീരമൃത്യുവരിക്കുകയും ഒരു ജവാന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ ഇന്ത്യന്‍ സേന ശക്തമായി തന്നെ തിരിച്ചടിച്ചു.
