മലപ്പുറം ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിം ലീഗില്‍ മണ്ഡലം, വാര്‍ഡ് തലങ്ങളില്‍ നേതൃസ്ഥാനങ്ങളിലിരിക്കുന്നവര്‍ രാജി വയ്ക്കുന്നു.മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍ മണ്ഡലത്തിലെ പൂക്കയില്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തകരാണ് രേഖാമൂലം രാജി ജില്ലാ നേതൃത്വത്തിന് രാജി സമര്‍പ്പിച്ചത്.വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വിഭാഗീയതയുമാണ് രാജിയിലേക്ക് നയിച്ചത്. മുസ്ലിം ലീഗിന്റെ ചുമട്ട് തൊഴിലാളി സംഘടനയായ എസ്ടിയു സംസ്ഥാന സെക്രട്ടറിയും കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ. കെ ഹംസ രാജിവച്ച് കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.ഹംസക്ക് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം കെ. പി ഉമ്മര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് മേലാറ്റൂര്‍ പഞ്ചായത്തില്‍ കൂട്ടരാജി പ്രഖ്യാപിച്ചു. മുനിസിപ്പല്‍ ലീഗ് കമ്മിറ്റി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് തിരൂര്‍ മുനിസിപ്പാലിറ്റിയിലെ പൂക്കയില്‍ 1, 5, 6, 3 വാര്‍ഡുകളിലെ പാര്‍ട്ടി ഭാരവാഹികള്‍ രാജിവച്ചു.പ്രസിഡന്റ്, വൈസ് പ്രസിഡന്റ, സെക്രട്ടറി ഉള്‍പ്പടെ 26 ലധികം പേരാണ് പാര്‍ട്ടി വിട്ടത്.
