പത്തനംതിട്ട: ശബരിമല ക്ഷേത്രനട പൂജകള്‍ക്കായി ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്രനട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതല്‍ സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കും.
വെര്‍ച്വല്‍ക്യൂവഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ദര്‍ശനം നടത്താന്‍ കഴിയുകയുള്ളൂ. ദര്‍ശനം നടത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം.
പതിനെട്ടാം പടിയില്‍ കൈപിടിച്ചു കയറ്റാന്‍ പൊലീസ് ഉണ്ടാകില്ല. പതിനെട്ടാംപടിക്ക് താഴെ കൈകാലുകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യമുണ്ട്. കൊടിമരച്ചുവട്ടില്‍ നിന്ന് ഭക്തരെ ഫ്ളൈ ഓവര്‍ ഒഴിവാക്കി വലതുവശം വഴി മൂന്ന് നിരയായി കടത്തിവിടും. ശ്രീകോവിലിന് പിന്നില്‍ നെയ് ത്തേങ്ങ സ്വീകരിക്കാന്‍ കൗണ്ടറുണ്ട്. മാളികപ്പുറം ദര്‍ശനം കഴിഞ്ഞു വരുന്ന പാതയിലെ കൗണ്ടറില്‍ നിന്ന് ആടിയശിഷ്ടം നെയ്യ് നല്‍കും. പമ്ബയില്‍ ബലിതര്‍പ്പണം ഉണ്ടായിരിക്കില്ല.
60-നും 65-നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ 24 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. മല കയറുമ്ബോള്‍ മാസ്ക് നിര്‍ബന്ധമല്ല. ഉപയോഗിച്ച മാസ്ക് ശേഖരിച്ച് നശിപ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കടകളില്‍ സാനിറ്റൈസറുകളും മാസ്കുകളും അണുനശീകരണ സാധനങ്ങളും ലഭ്യമാക്കും. മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിപ്പിക്കും.
വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി നടതുറക്കും. ശബരിമലയില്‍ ഒരേ സമയം നാല് എസ്.പിമാരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണം ഒരുക്കും. മകര വിളക്കു കാലത്ത് നാലു ഘട്ടമായാണ് ക്രമീകരണം. ദക്ഷിണ മേഖലാ ഐജിയും റേഞ്ച് ഡിഐജിയും മേല്‍നോട്ടം വഹിക്കും. നാളെ മുതല്‍ നവംബര്‍ 30 വരെയുള്ള ആദ്യ ഘട്ടത്തില്‍ എസ്.പിമാരായ ആര്. സുകേശന്, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് സന്നിധാനത്തെ ചുമതല. കെ.എം. സാബുമാത്യു, കെ.എല്‍. ജോണ്‍കുട്ടി എന്നിവര്‍ക്കാണ് പമ്ബയുടെ ചുമതല.
