ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായി

വാഷിംഗ്ടണ്‍: അവസാനം അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായി.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമൊക്രാറ്റിക് നേതാവ് ജോ ബൈഡന് അധികാരം കൈമാറുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രസിഡന്റ് ട്രംപ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ അമേരിക്കയുടെ രഹസ്യാന്വേഷണ വിവരങ്ങളും സാമ്ബത്തിക വിവരങ്ങളും ബൈഡന് അറിയാന്‍ കഴിയും.

അതേസമയം വിജയിക്കും വരെ പോരാട്ടം തുടരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും പരാജയം പൂര്‍ണമായും അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല എന്നാണിത് സൂചിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്ന ആരോപണത്തില്‍ അദ്ദേഹം ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്.പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി അമേരിക്കന്‍ പൊതുസേവന ഭരണാധികാരി എമിലി മര്‍ഫി നിയുക്ത പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതിയതിന് പിന്നാലെ ട്രംപ് ഇക്കാര്യം ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച ബൈഡന്‍ അധികാരം ഏറ്റെടുക്കുന്നതിന് മുന്നോടിയായി പൊതുസേവന വകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരുന്നതോടെ എമിലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെയും നേതാക്കള്‍ എമിലിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *