ലുധിയാന: ഭാര്യയേയും മകളെയും അറുപതുകാരന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പ്യാര സിംഗ് എന്നയാളാണ് ഭാര്യ സ്വരഞ്ജിത് കൗറിനെയും മകള്‍ രാജ്ദീപ് കൗറിനെയും കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം ഇയാളെ ആരും കണ്ടിട്ടില്ല.
ഫാക്ടറി ജീവനക്കാരനായ പ്യാര സിംഗ് വെള്ളിയാഴ്ചയാണ് ഭാര്യയേയും മകളെയും കൊലപ്പെടുത്തിയത്. ശേഷം അനന്തരവനെ ഫോണില്‍ വിളിച്ച് കൊലപാതക വിവരവും, താന്‍ കനാലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അനന്തരവന് പൊലീസില്‍ വിവരം അറിയിച്ചു.
വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെ ദോര്‍ഹയ്ക്ക് സമീപം സിര്‍ഹിനംഗ് കനാലിന് സമീപത്ത് നിന്നും പ്യാര സിംഗിന്റെ മോട്ടോര്‍ സൈക്കിള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകങ്ങള്‍ നടത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.
രാജ്ദീപിന്റെ വിവാഹം ഈ മാസം 21ന് നടക്കാനിരിക്കെയാണ് അരുംകൊല. വിവാഹചടങ്ങിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കുറിപ്പുകളൊന്നും കണ്ടെത്തിയില്ല. കൃത്യം നടക്കുമ്ബോള്‍ ഇവര്‍ മൂന്ന് പേരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.
