കൃഷിയിടത്തിലെ മോഷണം നേരില്‍ കണ്ട ഭൂവുടമയെ കൊലപ്പെടുത്താന്‍ ശ്രമം; പണവും മൊബൈല്‍ഫോണും കവര്‍ന്നു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കൃഷിയിടത്തിലെ മോഷണം നേരില്‍ കണ്ട ഭൂവുടമയെ കൊലപ്പെടുത്താന്‍ ശ്രമം. പെരിന്തല്‍മണ്ണ കാര്‍ഷിക വികസന ബാങ്ക് മുന്‍ സെക്രട്ടറി കടന്നമണ്ണ കരുമുത്തില്‍ ദിവാകരനു നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണും പണവും കവര്‍ന്ന ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്. പെരിന്തല്‍മണ്ണക്കടുത്ത പാണമ്ബിയിലെ സ്വന്തം ഉടമസ്തതയിലുളള തെങ്ങിന്‍ തോട്ടത്തിലെത്തിയതായിരുന്ന ദിവാകരന്‍. അപ്പോഴാണ് മോഷ്ടാക്കള്‍ തേങ്ങയിടുന്നത് നേരില്‍ കണ്ടത്. മോഷ്ടാക്കളോടു പോലീസില്‍ പരാതി നല്‍കുമെന്ന് അദ്ദേഹം താക്കീത് നല്‍കുകയായിരുന്നു. പിന്നാലെ മോഷ്ടാക്കള്‍ ദിവാകരനെ ആക്രമിക്കുകയായിരുന്നു. ക്രൂരമായി മര്‍ദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് വെട്ടിയും, കല്ലുകൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. മുറിവേറ്റ് രക്തം വാര്‍ന്നു കിടന്ന സ്ഥല ഉടമയെ തൊട്ടടുത്ത സ്കൂളിലെ സുരക്ഷാജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.കൈവശമുണ്ടായിരുന്ന പന്ത്രണ്ടായിരം രൂപയും മൊബൈല്‍ ഫോണും വാച്ചും മറ്റു രേഖകളും മോഷ്ടാക്കള്‍ കവര്‍ന്നു. അതേസമയം, പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാന്‍ പോലും ശ്രമം ആരംഭിച്ചില്ലെന്നാണ് ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *