തിരുവനന്തപുരം: കോവിഡ്, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച രീതിയില്‍ ഇടപെടാനായത് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചു. ഭവന നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനം, സുഭിക്ഷ കേരളം തുടങ്ങി സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിച്ചു.
പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പാര്‍പ്പിട, കാര്‍ഷിക, മാലിന്യ നിര്‍മാര്‍ജന മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ പാല്, മുട്ട, പച്ചക്കറി എന്നിവയുടെ ഉത്പാദനം ഗണ്യമായി വര്‍ദ്ധിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കിയതിലൂടെ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തി. വിശപ്പ് രഹിത കേരളം, ജനകീയ ഹോട്ടല്‍, ടേക് എ ബ്രേക്ക് തുടങ്ങിയ പദ്ധതികള്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാറ്റമുണ്ടാക്കി. പൊതു ശൗചാലയങ്ങളും വിശ്രമകേന്ദ്രങ്ങളും യാത്രക്കാര്‍ക്ക് പുതിയ അനുഭവം നല്കി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനകീയ പങ്കാളിത്തം ഉറപ്പാക്കാനായതാണ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വിജയമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തിന് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ മികച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫിയും മഹാത്മാ പുരസ്കാരവും മന്ത്രി വിതരണം ചെയ്തു. തിരുവനന്തപുരം ക്രാഫ്റ്റ് വില്ലേജില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍, വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, പഞ്ചായത്ത് ഡയറക്ടര്‍ ഡോ.പി.കെ ജയശ്രീ, എന്‍.ആര്.ജി.എസ് മിഷന് ഡയറക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍ ഹരിലാല്‍, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കെ.ജി.പി.എ സെക്രട്ടറി പി. വിശ്വംഭര പണിക്കര്‍, പ്രസിഡന്റ് കെ. തുളസി ടീച്ചര്‍, കെ.ബി.പി.എ പ്രസിഡന്റ് ആര്. സുഭാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
