അശ്ലീല വീഡിയോ വെബ്‌സൈറ്റുകള്‍ പതിവായി സന്ദര്‍ശിക്കുന്നവരെ നിരീക്ഷിച്ച് പോലീസ്. അശ്ലീല വീഡിയോകള്‍ കാണുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അവരുടെ ഡിജിറ്റല്‍ ഡേറ്റ പൊലീസ് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
യുപി പൊലീസിന്റെ 1090 സര്‍വീസിന് കീഴിലാണ് ഓണ്‍ലൈന്‍ നിരീക്ഷണം നടക്കുന്നത്. ഇതിന് കീഴില്‍ ഒരു പൊലീസ് ടീം മുഴുവന്‍ സമയവും ഇന്റര്‍നെറ്റില്‍ അശ്ലീല വീഡിയോ വെബ്‌സൈറ്റുകള്‍ കാണുന്നവരെ നിരീക്ഷിക്കും. എത്ര പോണ്‍ വീഡിയോ കാണുന്നു എന്നതിനെക്കുറിച്ചുള്ള ഡേറ്റ സൂക്ഷിക്കുന്നുമുണ്ട്.
പൊലീസ് ടീം സ്ഥാപിച്ച പുതിയ ടെക് സംവിധാനം അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ അശ്ലീല വെബ്‌സൈറ്റിലേക്ക് പോയാല്‍ യുപി പൊലീസിന്റെ 1090 സര്‍വീസ് വെബ്‌സൈറ്റില്‍ നിന്നുള്ള പോപ്പ്-അപ്പ് അലേര്‍ട്ട് കാണിക്കും. അവരുടെ ഡേറ്റ പൊലീസ് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ടെന്നുമുള്ള സന്ദേശം ഉപയോക്താവിനെ അറിയിക്കും.
ഇതിനൊപ്പം തന്നെ, സേവനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായി സോഷ്യല്‍ മീഡിയ സൈറ്റുകളായ ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക് എന്നിവയിലൂടെ 1090 ഡിജിറ്റല്‍ ക്യാംപെയ്‌നും നടത്തുന്നുണ്ട്. അശ്ലീല വീഡിയോകള്‍ക്ക് അടിമയാകുന്ന കൗമാരക്കാരെ നിരീക്ഷിക്കുകയാണ് ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
