കാമുകന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് വിലയിട്ട് പ്രതികാരം, ഫോട്ടോയും ഫോണ്‍ നമ്ബറും ഉള്‍പ്പെടെ ഫെയ്‌സ്ബുക്കില്‍ ; യുവതി അറസ്റ്റില്‍

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോയും മൊബൈല്‍ നമ്ബറും ഫെയ്‌സ്ബുക്കിലൂടെ പങ്കിട്ട് യുവതിയുടെ ക്രൂരത. ഫോട്ടോയ്ക്ക് മുകളില്‍ വില 2,500 രൂപ എന്നും ചേര്‍ത്തിരുന്നു. സംഭവത്തില്‍ യുവതി അറസ്റ്റില്‍ . മധ്യപ്രദേശ് മൊറേന സ്വദേശിയും അഹമ്മദാബാദില്‍ താമസക്കാരിയുമായ രാധ സിങ്ങിനെ(32)യാണ് അഹമ്മദാബാദ് പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ പിടികൂടിയത്.അഹമ്മദാബാദ് ഗോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു . പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് യുവതിയെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് യുവതി പെണ്‍കുട്ടിയുടെ ചിത്രം മോശമായരീതിയില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ ചിത്രത്തിനൊപ്പം 2500 രൂപയാണ് നിരക്കെന്നും എഴുതിയിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്ബറും ചിത്രത്തിനൊപ്പം നല്‍കി. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസില്‍ പരാതി എത്തിയത്. യുവതിയെ ചോദ്യംചെയ്തതോടെയാണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കാനിടയായ കാരണം പോലീസിന് വ്യക്തമായത്. നാല് വര്‍ഷം മുമ്ബ് ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന യുവതി പിന്നീട് അഹമ്മദാബാദിലേക്കെത്തി. ഇവിടെ പേയിങ് ഗസ്റ്റായി താമസിച്ച്‌ ജോലിചെയ്തുവരുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവുമായി അടുപ്പത്തിലായി. എന്നാല്‍ അടുത്തിടെ കാമുകനും യുവതിയും തമ്മില്‍ വഴക്കിടുകയും തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് കാമുകന്റെ മകളുടെ ചിത്രങ്ങള്‍ മോശമായരീതിയില്‍ പ്രചരിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. തുടര്‍ന്ന് ഐടി നിയമവും പോക്‌സോ നിയമവും അനുസരിച്ചാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *