ഓക്‌സിജന്‍ സിലിണ്ടറുമായി വോട്ട് ചെയ്യാന്‍…

വണ്ടൂര്‍-ഓക്‌സിജന്‍ സിലിണ്ടറുമായി വോട്ടു ചെയ്യാനെത്തിയ മുന്‍ പ്രവാസി ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ആവേശ കാഴ്ചയായി. വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ പുല്ലങ്കോട് ചടച്ചിക്കല്‍ കളത്തിങ്ങല്‍ നാസര്‍ (54) ആണ് രോഗത്തിനിടയിലും ആവേശം ചോരാതെ വോട്ടുചെയ്യാനെത്തിയത്.ചോക്കാട് പഞ്ചായത്തിലെ തൊണ്ണൂറ്റൊന്നാം നമ്പര്‍ ബൂത്തായ ഉദരംപൊയില്‍ സ്‌കൂളിലേക്ക് ബന്ധുക്കളുടെ സഹായത്തോടെയാണ് ഓക്‌സിജന്‍ സിലിണ്ടറുമായി നാസര്‍ എത്തിയത്.
ദുബായില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ നാസറിന് ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന് കാര്യമായ തകരാര്‍ സംഭവിച്ചു.നിരവധി ദിവസങ്ങള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ് രോഗത്തിന്റെ കാഠിന്യം കുറഞ്ഞതോടെ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.നാട്ടിലെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ തുടര്‍ന്നു . ഇപ്പോള്‍ ഫിസിയോ തറാപ്പി ചെയ്ത് കൊണ്ടിരിക്കുകയാണ്.നാട്ടിലായിരുന്ന സമയത്തും ദുബായില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയത്തുമെല്ലാം പൊതുപ്രവര്‍ത്തകനായിരുന്നു നാസര്‍.വിദേശത്തുള്ള സമയങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി തുടരുന്നതിനിടെയാണ് രോഗ ബാധിതനായത്.ഇപ്പോള്‍ രോഗത്തിന് ശമനം വന്നതോടെ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *