അഹമ്മദാബാദ്: പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദിച്ച യുവാവ് മരിച്ചു. മുഹമ്മദ് അയ്യൂബ് എന്ന 25 കാരനാണ് ദാരുണമായി മരിച്ചത്. തലസ്ഥാനമായ അഹമ്മദാബാദില്‍ സെപ്തംബര്‍ 13നായിരുന്നു സംഭവം. പശുക്കുട്ടിയെയും കാളക്കുട്ടിയെയും കൊണ്ടുപോകുന്ന വാഹനം അപകടത്തില്‍പെട്ട് പശുക്കുട്ടി ചത്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ വാഹനം പരിശോധിക്കുകയും പശുവിനെ കടത്തുകയാണെന്നാരോപിച്ച് അയ്യൂബിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. അനധികൃതമായി പശുവിനെ കടത്തിയതിന് അയ്യൂബിനെതിരെ ഗോരക്ഷാ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.
