പെരിന്തല്‍മണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം പ്രദേശത്തിന് സമീപം സ്വകാര്യ ഭൂമിയില്‍ വെള്ളിയാഴ്ച ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്കി.
അമ്മിനിക്കാട് വടക്കേക്കരയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ രണ്ട് ലോറികളില്‍ ആശുപത്രി മാലിന്യമെത്തിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു. രാത്രി നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ രണ്ടുലോറികളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഒരുലോറിയിലെ മാലിന്യം തള്ളിയ നിലയിലും രണ്ടാമത്തേത് ലോറിയില്‍ തന്നെയുമായിരുന്നു. മാലിന്യലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മാലിന്യം പാലക്കേട്ടെ പ്ലാന്റില്‍ എത്തിക്കാന്‍ വിട്ടുനല്‍കി വീണ്ടും കസ്റ്റഡിയിലെടുത്തു. ഇവിടെ പലപ്പോഴായി 40 ലോഡ് മാലിന്യം തള്ളിയത് നീക്കണമെന്നും അതിന് നടപടി സ്വീകരിക്കണമെന്നും പ്രദേശത്തിന് താഴെയുള്ള കുടിവെള്ളത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നുമാണ് പ്രദേശത്തുകാരുടെ പരാതി.
ഇക്കാര്യം സംബന്ധിച്ചാണ് സബ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. തിങ്കളാഴ്ച ബന്ധപ്പെട്ടവരുടെ യോഗം സബ് കലക്ടര്‍ വിളിച്ചേക്കും. കോഴിക്കോട്ടെ ആശുപത്രികളില്‍നിന്നുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പാലക്കാട്ട് സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുന്നത് ചെലവ് ചുരുക്കാന്‍ ഇടനിലക്കാര്‍ വഴി കൊടികുത്തിയില്‍ മലമുകളിലെത്തിച്ചതാണ്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നേരത്തേ തള്ളിയ പ്ലാസ്റ്റിക് അടക്കം മാലിന്യം നീക്കണമെന്നുമാണ് പ്രദേശത്തുകാരുടെ ആവശ്യം.
