ഉപതിരഞ്ഞെടുപ്പ് ചെലവ് ഈടാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിച്ച്‌ വിജയിക്കുന്നവരില്‍ നിന്ന് ഒഴിയുന്ന മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.

കേന്ദ്ര സര്‍ക്കാരിനും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം. എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. എട്ട് ആഴ്ചയ്ക്ക് ശേഷം വീണ്ടും ഹര്‍ജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

ജനപ്രാതിനിധ്യ നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം ഒരാള്‍ക്ക് പരമാവധി രണ്ട് മണ്ഡലങ്ങളില്‍വരെ മത്സരിക്കാം. നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം രണ്ട് മണ്ഡലങ്ങളില്‍നിന്ന് വിജയിച്ചാല്‍ ഇതില്‍ ഒരെണ്ണം ഒഴിയണം. ഇങ്ങനെ ഒഴിയുന്ന മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്ബോള്‍ ഭാരിച്ച ചെലവ് സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാകുന്നുവെന്ന് ആരോപിച്ച്‌ അഭിഭാഷകന്‍ കോശി ജേക്കബാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ തുക രാജിവയ്ക്കുന്ന സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ്, അഭിഭാഷകരായ ഉഷ നന്ദിനി, അഡോള്‍ഫ് മാത്യു, ബിജു രാമന്‍ എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *