വൈപ്പിനില്‍നിന്ന്‌ പുതിയ കെഎസ്‌ആര്‍ടിസി ബസുകള്‍ 27 മുതല്‍

കൊച്ചി: വൈപ്പിനില്‍നിന്നുള്ള സ്വകാര്യബസുകളുടെ നഗരപ്രവേശത്തിനുമുന്നോടിയായി പുനക്രമീകരിച്ച കെഎസ്‌ആര്‍ടിസി ബസുകളുടെ സര്‍വീസ്‌ 27 മുതല്‍ ആരംഭിക്കുമെന്ന്‌ കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ ഒമ്ബതിന്‌ ഗോശ്രീ ജങ്‌ഷനില്‍ ഗതാഗതമന്ത്രി ആന്റണി രാജു ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.

മുനമ്ബം–കാക്കനാട്‌ കലക്‌ടറേറ്റ്‌, മുനമ്ബം–എറണാകുളം ജെട്ടി–തേവര–ഫോര്‍ട്ട്‌ കൊച്ചി, മുനമ്ബം–വൈറ്റില ഹബ്ബ്‌–തൃപ്പൂണിത്തുറ–ചോറ്റാനിക്കര, മുനമ്ബം–കലൂര്‍–പാലാരിവട്ടം–ആലുവ എന്നീ റൂട്ടുകളിലാണ്‌ പുതിയ സര്‍വീസ്‌. ആകെ 16 ട്രിപ്പുകളുണ്ടാകും. സ്വകാര്യബസുകളുടെ നഗരപ്രവേശം ചര്‍ച്ച ചെയ്യുന്നതിന്‌ 11ന്‌ ചേര്‍ന്ന യോഗത്തിലാണ്‌ കെഎസ്‌ആര്‍ടിസിയുടെ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്‌ തീരുമാനിച്ചതെന്ന്‌ കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞു. വൈപ്പിനില്‍നിന്നുള്ള സ്വകാര്യബസുകളുടെ നഗരപ്രവേശത്തിനായുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കും. അധികം വൈകാതെ എല്ലാ ബസുകളും നഗരത്തിലെത്തും.

വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനുശേഷം നാറ്റ്‌പാക് സര്‍ക്കാരിന്‌ പഠനറിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.
തുടര്‍ന്ന്‌, ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നാറ്റ്‌പാക് റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത കമീഷണര്‍ നിര്‍ദേശിച്ച റൂട്ട്‌ ഭേദഗതികള്‍ക്കായി വിജ്ഞാപനം ഇറക്കുന്നതിനും നിയമഭേദഗതികള്‍ക്കുമായി നടപടി സ്വീകരിച്ചുവരികയാണ്‌. തുടര്‍നടപടികള്‍ക്കായി 31ന്‌ എറണാകുളത്ത്‌ യോഗം ചേരും. മന്ത്രിതലയോഗം ഫെബ്രുവരി ഒമ്ബതിന്‌ തിരുവനന്തപുരത്ത്‌ ചേരുമെന്നും കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍ എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *