ന്യൂഡല്‍ഹി: ശ്രീലങ്കയുടെ ഇത്തവണത്തെ സ്വാതന്ത്രദിന ആഘോഷ പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പങ്കെടുക്കും.
ഫെബ്രുവരി നാലിന് ഗല്ലേഫേസ് ഗ്രീനില്‍ നടക്കുന്ന ഔദ്യോഗിക പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുക.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള മറ്റു രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്താനില്‍ നിന്ന് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖാര്‍, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമന്‍, മാലീദ്വീപില്‍ നിന്ന് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ്, നേപ്പാളില്‍ നിന്ന് വിദേശകാര്യമന്ത്രി ബിമാലറായ് പദ്യാല്‍ എന്നിവരും ഭൂട്ടാനില്‍ നിന്ന് വിദ്യഭ്യാസമന്ത്രിയായ ജയ് ബിര്‍ റായും ചടങ്ങിന്റെ ഭാഗമാകും. ജപ്പാന്‍ വിദേശകാര്യമന്ത്രിയും ചടങ്ങില്‍ പങ്കാളിയാകും. കോമണ്‍വെല്‍ത്ത് ജനറല്‍ സെക്രട്ടറി പട്രീഷ സ്‌കോട്ട്‌ലാന്റും ചടങ്ങില്‍ പങ്കുചേരും.
ആഘോഷങ്ങളുടെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്റു ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖനേതാക്കളുടെ സ്റ്റാമ്ബുകള്‍ പ്രകാശനം ചെയ്യും. അതോടൊപ്പം 1000രൂപയുടെ പ്രത്യേക നാണയവും ശ്രീലങ്കന്‍ ഗവണ്‍മെന്റ് പരിപാടിയില്‍ പുറത്തിറക്കും. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം.
