കൃഷ്ണഗിരി അപകടം: സഹോദരങ്ങള്‍ക്ക് അന്ത്യാഞ്ജലി

പാലക്കാട്- കര്‍ണാടക കൃഷ്ണഗിരിയില്‍ അപകടത്തില്‍ മരിച്ച സഹോരങ്ങള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. പട്ടാമ്പി കരിമ്പുള്ളി തെക്കേതില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ അനിയന്‍ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടക കൃഷ്ണഗിരിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. സഹോദരങ്ങളുടെ വേര്‍പാട് ഈ കുടുംബത്തെ കണ്ണീരിലാഴ്ത്തി.
അപകടത്തില്‍ ദിവ്യയുടെ ഭര്‍ത്താവ് വിനീതിന് ഗുരുതരമായ പരിക്കുണ്ട്.
ദിവ്യയുടെയും ദീപക്കിന്റെയും പിതാവ് പനമണ്ണ അമ്പലവട്ടം രവീന്ദ്രന്‍ (59), ഭാര്യ പാര്‍വ്വതി (53), മകള്‍ രമ്യ (34), ദിവ്യയുടെ ഭര്‍ത്താവ് വിനീതിന്റെ അമ്മ സരോജിനി (68), ദിവ്യയുടെയും വിനീതിന്റെയും മക്കളായ അഭിന്‍ദേവ് (12), അഖില്‍ദേവ്(9) എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.
എട്ടുപേരടങ്ങുന്ന സംഘം ബംഗളൂര്‍ സന്ദര്‍ശനത്തിന് ശേഷം ഞായറാഴ്ച വൈകീട്ടാണ് കാറില്‍ നാട്ടിലേക്ക് തിരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ കൃഷ്ണഗിരിക്കടുത്ത് കുറുപറപ്പള്ളിയില്‍ വെച്ച് പഞ്ചറായി. ടയര്‍ മാറ്റിയ ശേഷം യാത്ര തുടരുന്നതിനായി കാറിലേക്ക് കയറുന്നതിനെടെയാണ് ലോറി വന്നിടിച്ചത്. വിനീതിന്റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളും അടക്കം എട്ടു പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *