സ്ഥലംമാറ്റത്തിന് മാനദണ്ഡം നിശ്ചയിച്ചു

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ഇനി പൊതുമാനദണ്ഡം. ഇവ സര്‍വീസ് പേ റോള്‍ ആന്‍ഡ് റിപ്പോസിറ്ററി ഫോര്‍ കേരളയില്‍ (സ്പാര്‍ക്ക്) ഉടന്‍ ഉള്‍പ്പെടുത്തും. ഇതുസംബന്ധിച്ച ഉത്തരവില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞദിവസം ഒപ്പുെവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകരാമാണ് ഇത്. ജനുവരിയില്‍ ഇത് നടപ്പിലാക്കും. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട അഴിമതി അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

ഉത്തരവിന് മുന്‍കാലപ്രാബല്യം നല്‍കിയിട്ടില്ല.
അതുകൊണ്ട് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മുന്‍കാലത്ത് നടന്ന സ്ഥലംമാറ്റങ്ങള്‍ തിരുത്താനാകില്ല. ശാരീരിക ഭിന്നശേഷിയുള്ളവര്‍, മുലയൂട്ടുന്ന അമ്മമാര്‍, സര്‍വീസില്‍നിന്ന് വിരമിക്കാന്‍ കുറച്ചുകാലം മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം സ്വന്തം വീടിനടുത്തേക്ക് സ്ഥലംമാറ്റത്തിന് പുതിയ ഉത്തരവുപ്രകാരം പ്രത്യേക പരിഗണനയുണ്ട്.

ഒരു സ്ഥലത്ത് എത്രകാലം ജോലിചയ്തവരെയാണ് സ്ഥലംമാറ്റേണ്ടത്, സ്ഥലംമാറ്റത്തില്‍ പ്രത്യേക പരിഗണനനല്‍കേണ്ടത് ആര്‍ക്കൊക്കെ തുടങ്ങിയ കാര്യങ്ങളിലും പുതിയ ഉത്തരവില്‍ വ്യക്തതവരുത്തിയിട്ടുണ്ട്. സ്ഥലംമാറ്റത്തെച്ചൊല്ലി ഉണ്ടാവുന്ന തര്‍ക്കങ്ങളും കേസുകളും പല സര്‍ക്കാര്‍ വകുപ്പുകളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ചിരുന്നു. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം.

ഹയര്‍സെക്കന്‍ഡറി വകുപ്പില്‍ മാത്രമാണ് സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ നേരത്തേതന്നെ നിലവിലുണ്ടായിരുന്നത്. തദ്ദേശസ്വയംഭരണവകുപ്പില്‍ നേരത്തേ മാനദണ്ഡങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും പിന്നീട് റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *