‘മോദിമന്ത്രം’ ജപിക്കാം

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നോട്ട് നിരോധനം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തിതന്റെ സമ്ബദ് വ്യവസ്ഥ തകരുമെന്നും ബവാനയില്‍ ഒരു യോഗത്തെ അഭിസംബോധന ചെയ്ത് കെജ്രിവാള്‍ പറഞ്ഞു.

ഈ നടപടികൊണ്ട് രാജ്യത്തെ കള്ളപ്പണം ഇല്ലാതായാല്‍ ‘മോദി, മോദി’ എന്ന് മന്ത്രം ജപിക്കാന്‍ താന്‍ തയ്യാറാണ്. ദിവസവും പുതിയ വസ്ത്രങ്ങള്‍ മാറിമാറി അണിയുന്ന മോദി, നോട്ട് നിരോധനത്തിന്റെ പേരില്‍ ജനങ്ങളോട് ത്യാഗമനുഷ്ടിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്.

തൊഴിലാളികള്‍, കര്‍ഷകര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം ദുരിതത്തിലായി. അപ്പോള്‍ പ്രധാനമന്ത്രി വസ്ത്രങ്ങള്‍ മാറിമാറി ധരിക്കുന്ന തിരക്കിലാണ്. ജനങ്ങളോട് ചെയ്യാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ആദ്യം താങ്കള്‍ സ്വയം ചെയ്തുകാണിക്കുകയാണ് വേണ്ടത് കെജ്രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പല നിലപാടുകളിലും എതിരഭിപ്രായങ്ങളുണ്ടെങ്കിലും സ്വച്ഛ് ഭാരത്, യോഗ ദിനാചരണം, മിന്നാക്രമണം തുടങ്ങിയവ പോലെ അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കും. എന്നാല്‍ നോട്ട് അസാധുവാക്കല്‍ പോലെ അദ്ദേഹം ചെയ്യുന്ന തെറ്റായ നടപടികളെ എതിര്‍ക്കുകയും ചെയ്യും.

കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത തന്റെ സുഹൃത്തുക്കളെ സഹായിക്കുന്നതിനാണ് മോദി നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതെന്നും കെജ്രിവാള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *