സ്ഥാനമാനങ്ങള്‍ അലങ്കാരത്തിനല്ല

കാസര്‍ഗോഡ്: സ്ഥാനമാനങ്ങള്‍ അലങ്കാരത്തിനല്ല പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണെന്നും ഓര്‍ക്കണമെന്നും പ്രവര്‍ത്തിക്കാന്‍ തയാറല്ലാത്തവര്‍ ബുദ്ധിമുട്ടുണ്ടാക്കാതെ യുക്തിസഹമായ തീരുമാനമെടുക്കണമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കാസര്‍ഗോട്ട് പുതിയ ഡിസിസി അധ്യക്ഷന്‍ ഹക്കിം കുന്നില്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയെങ്കിലും മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു മുന്നോട്ടു പോകാനാവില്ല. ജീവിതം മുഴുവന്‍ പാര്‍ട്ടിക്കു വേണ്ടി നീക്കവച്ച മുതിര്‍ന്നവരും പുതിയ ആശയങ്ങളുമായി യുവത്വവും ഒരുമിച്ചു മുന്നോട്ടു നീങ്ങണം. എല്ലാ മേഖലയിലെയും ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ ഡിസിസി പ്രസിഡന്റുമാരുടെ നിയമനമുണ്ടായത്. കഴിവുള്ള നേതൃത്വമാണ് കോണ്‍ഗ്രസിന് ഇന്ന് എല്ലാ ജില്ലകളിലും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ഒരുതരത്തിലും പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണം. എയിംസ് കേരളത്തിന് നഷ്ടപ്പെട്ടതിനെക്കുറിച്ച് സംസ്ഥാനത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *