മാധ്യമങ്ങള്‍ മത്സരങ്ങളുടെ മൂല്യച്യുതിയില് : ബ്ലസി
പത്തനംതിട്ട: മത്സരങ്ങള്‍ കൂടുമ്പോഴുണ്ടാകുന്ന മൂല്യച്യുതിയിലാണ് മാധ്യമങ്ങളെന്ന് ചലച്ചിത്ര സംവിധായകന് ബ്ലസി പറഞ്ഞു. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള കയര്‍ ഫെയറില്‍ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ കാര്യങ്ങള്‍ കണ്ടെത്തി ഏറ്റവും ആര്‍ജവത്തോടെ അറിയിക്കേണ്ട വിഭാഗമാണ് മാധ്യമ പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ശക്തി അതിന്റെ വിശ്വാസ്യതയാണെന്ന് വിഷയം അവതരിപ്പിച്ചു മാധ്യമ നിരീക്ഷകന് ജേക്കബ് ജോര്‍ജ് പറഞ്ഞു. സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് മാധ്യമങ്ങളെന്നും സമൂഹത്തിന്റെ നിലവാര തകര്‍ച്ചയാണ് മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്നും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ വി.കെ രവിവര്‍മ തമ്പുരാന് പറഞ്ഞു. ദൃശ്യമാധ്യമങ്ങളെ വിമര്‍ശിക്കുമ്പോഴും തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ഭയം സമൂഹത്തിനുണ്ടെന്ന് മനോരമ ന്യൂസ് സീനിയര്‍ കറസ്പോണ്ടന്റ് നിഷ ജെബി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു. കേരള കൗമുദി സബ് എഡിറ്റര്‍ വിനോദ് ഇളകൊള്ളൂര്‍, സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
