കൊച്ചി: മലയാള സിനിമയെ പ്രതിസന്ധിയിലാക്കിയ ഫിലിം എക്സിബിറ്റേര്‍സ് ഫെഡറേഷന്റെ സമരം പൊളിഞ്ഞു. ഇന്നലെ ഫെഡറേഷനിലുള്‍പ്പെട്ട 31 തിയറ്ററുകള്‍ സംഘടന തീരുമാനം ലംഘിച്ച് വിജയ് ചിത്രം ഭൈരവ് റിലീസ് ചെയ്തു. 12 മുതല്‍ തിയറ്റര്‍ അടച്ചിടാനുള്ള തീരുമാനം മറികടന്ന് ഇന്ന് 21 തിയറ്ററുകള്‍ കൂടി ചിത്രം പ്രദര്‍ശിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ തിയറ്ററുകള്‍ സമരത്തില്‍ നിന്നു പിന്മാറും. ഇതോടെ എക്സിബിറ്റേര്‍സ് ഫെഡറേഷന് പിളര്‍ന്ന് പുതിയ സംഘടന നിലവില്‍ വരുമെന്ന് വ്യക്തമായി. ദിലീപിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിക്കുന്ന പുതിയ സംഘടന ഇന്നോ നാളെയോ തന്നെ പ്രഖ്യാപിക്കപ്പെട്ടേക്കും. എക്സിബിറ്റേര്‍സ് ഫെഡറേഷനെ ദിലീപ് പിളര്‍ത്താന്‍ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസം ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു.
