ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്ന് മകരവിളക്ക്

സന്നിധാനം: തിരുവാഭരണ വിഭൂഷിതനായ അയ്യന്റെ സന്നിധിയില്‍ ഭക്തസഹസ്രങ്ങള്‍ മകരവിളക്ക് ദര്‍ശനത്തിന്റെ പുണ്യം നുകര്‍ന്നു. 6.45 ഓടെയായിരുന്നു പൊന്നമ്പലമേട്ടില്‍ മകര വിളക്ക് തെളിഞ്ഞത്. മലനിരകളില്‍ മൂന്ന് തവണ ദീപം തെളിഞ്ഞതോടെ മണിക്കൂറുകളായി കാത്തുനിന്ന ഭക്തസഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുളള ശരണം വിളികള്‍ ഉച്ഛസ്ഥായിയിലായി.6.25 ഓടെയാണ് തിരുവാഭരണ പേടകവും വഹിച്ചുളള ഘോഷയാത്ര സന്നിധാനത്ത് എത്തിയത്.

വാദ്യമേളങ്ങളുടെ അകമ്പടിയില്‍ എത്തിയ ഘോഷയാത്രയെ പതിനെട്ടാം പടിക്ക് താഴെ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. തുടര്‍ന്ന് ശരണം വിളികള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ പേടകം പതിനെട്ടാം പടി കയറ്റി ശ്രീകോവിലിന് മുന്നിലേക്ക് എത്തിച്ചു.ശ്രീകോവിലിന് പുറത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പേടകം ഏറ്റുവാങ്ങി. തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ നട അടച്ച് അയ്യന് ദീപാരാധന. 6.43 ഓടെ ദീപാരാധനയ്ക്ക് ശേഷം നട തുറന്നു. തുടര്‍ന്നായിരുന്നു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അടക്കമുളളവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവുമായി സന്നിധാനത്തുണ്ടായിരുന്നു.

കനത്ത സുരക്ഷയായിരുന്നു സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഒരുക്കിയത്. സന്നിധാനത്തെയും കാനനപാതയിലെയും തിരക്ക് നിയന്ത്രിക്കാന്‍ പമ്പയില്‍ നിന്ന് തീര്‍ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനും പൊലീസ് നന്നേ പണിപ്പെട്ടു. നടന്‍ ജയറാം ഉള്‍പ്പെടെയുളളവരും മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *