മലപ്പുറം: മഞ്ചേരിയില്‍ വന്‍ കുഴല്‍പണ വേട്ട. മൂന്ന് പേരുടെ പക്കല്‍ നിന്ന് അരക്കോടിയില്‍ അധികം വരുന്ന കള്ളപ്പണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പണം മുഴുവനും രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ്.
കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി തോണിചാലില്‍ ഫസലുറഹ്മാന് (30), മാവൂര്‍ സ്വദേശി പൂക്കുത്ത് ഉണ്ണിമോയിന്(60), നറുകര പട്ടര്‍കുളം മുഹമ്മദ് ജംഷീദ് (21) എന്നിവരെയാണ് അനധികൃത പണവുമായി പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി ഫസലുറഹ്മാന്, മാവൂര്‍ സ്വദേശി ഉണ്ണിമോയിന് എന്നിവരെ 50 ലക്ഷത്തിന്റെ കറന്‍സിയുമായി മഞ്ചേരി പുല്ലാരയില്‍ വച്ചും നറുകര പട്ടര്‍കുളം മുഹമ്മദ് ജംഷീദിനെ രണ്ട് ലക്ഷം രൂപയുമായി മഞ്ചേരി വായപ്പാറപടിയില് വച്ചുമാണ് പോലീസ് പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ബോംബെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളെയും വിദേശത്തും മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് കുഴല്‍പണം വിതരണം ചെയ്യുന്ന സംഘങ്ങളെക്കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. എല്ലാം പുതിയ നോട്ടുകളായതിനാല്‍ ഇത്രയും തുക വന്നതിന്റെ സ്രോതസിനെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ കുഴല്‍ പണ മാഫിയകളെകുറിച്ചും വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. അവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
മുംബൈയില്‍ നിന്നും ട്രൈയിന്മാര്ഗം കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഇറക്കിയാണ് സംഘം പണം കൊണ്ടുവരുന്നത്. പിടികൂടിയവര്‍ സംഘത്തിലെ കാരിയര്‍മാരാണെന്നും അവര്‍ക്ക് പണം കടത്തിയാല്‍ 4000 രൂപ ലഭിക്കുമെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തു. പണത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
