ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച പരസ്യ ബോര്‍ഡുകളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ രാഷ്ട്രപതി ഭവന് അതൃപ്തി. രാഷ്ട്രപതിയുടെ ഓഫീസിന്റെ നിഷ്പക്ഷത ഒരു തരത്തിലും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഓഫീസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നസീം സെയ്ദിക്ക് കത്ത് നല്‍കിയത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച പോസ്റ്ററുകളില്‍ രാഷ്ട്രപതിയുടെ ചിത്രം ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാണെന്നുമായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
രാഷ്ട്രപതി കക്ഷി രാഷ്ട്രീയത്തിന് അതീതനാണെന്നും അദ്ദേഹത്തിന്റെ ചിത്രമോ രാഷ്ട്രപതിയെന്ന നിലയില്‍ അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യമോ ഒരു രാഷ്ട്രീയ താല്‍പര്യത്തിനും ഉപയോഗിക്കാന്‍ പാടില്ലെന്നും ഒമിത പോള്‍ വ്യക്തമാക്കി. അതിനിടെ ബോര്‍ഡുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന കോണ്‍ഗ്രസ് നേതാക്കളാരും ഇല്ലാത്തതുകൊണ്ടാണോ രാഷ്ട്രപതിയുടെ ചിത്രം ഉപയോഗിച്ചതെന്ന ചോദ്യവും എതിര്‍ പാര്‍ട്ടികളില്‍നിന്നും ഉയരുന്നുണ്ട്.
