മലപ്പുറം നമ്മുടെ സ്വാതന്ത്ര്യവും ഐക്യവും വിവിധ തരം വെല്ലുവിളികള്‍ നേരിടുന്നതായി തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം എം.എസ്.പി. ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ അകത്തും പുറത്തുനിന്നുമായി പല ശക്തികളും നമ്മളുടെ പരമാധികാരത്തിനെതിരെ ഭീക്ഷണി ഉയര്‍ത്തുന്നു.വര്‍ഗീയ മതമൗലികവാദികള്‍ നമ്മുടെ ഐക്യവും പരമാധികാരം തകര്‍ക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഗാന്ധിജിയെ അടക്കം അവഹേളിക്കാനുള്ള ശ്രമം നടക്കുന്നു. മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു. പുരോഗമന ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന നമുക്ക് ഇതിനെയെല്ലാം ഒന്നിച്ച് നേരിടാന്‍ കഴിയണം. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളും ആവശ്യങ്ങളും തിരിച്ചറിഞ്ഞു. വികസന പദ്ധതികള്‍ ആവിഷ്‌കരിക്കണം. പുതിയ കേരള സൃഷ്ടിക്കായുള്ള പദ്ധതികളും ലഹരി വിരുദ്ധ പദ്ധതികളും ഇതില്‍ പ്രധാനമാണ്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് നമ്മുടെ അടയാളം. വൈവിധ്യമാര്‍ന്നതാണ് നമ്മുടെ സംസ്‌ക്കാരം. ക്രൈസ്തവരും ഹൈന്ദവരും മുസ്ലീങ്ങളും ഏകസഹോദരങ്ങളായി കഴിയുന്നതില്‍ നമുക്ക് അഭിമാനിക്കാം. മലയാളിയും ബംഗാളിയും കാശ്മീരിയും തെലുങ്കനും നയിക്കപ്പെടുന്നത് ഇന്ത്യക്കാരനെന്ന വികാരമാണ്. ഇത് എക്കാലവും നിലനിര്‍ത്താന്‍ നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും മന്ത്രി പറഞ്ഞു.
