പാത്തുമ്മയും ആടും കാന്‍വാസില്‍

മലപ്പുറം-മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അക്ഷരങ്ങളില്‍ കോറിയിട്ട പാത്തുമ്മയുടെയും ആടിന്റെയും ജീവിതം മലപ്പുറത്ത് പുനര്‍ജനിച്ചത് വരകളിലും വര്‍ണ്ണങ്ങളിലും. മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗായത്രി ഓളക്കലാണ് പാത്തുമ്മയുടെ ആടിന് കാന്‍വാസില്‍ പുനര്‍ജനി നല്‍കിയത്. ബേപ്പൂര്‍ സുല്‍ത്താന്റെ പുസ്തകത്തിലെ ജീവിതഗന്ധിയായ രംഗങ്ങള്‍ അറുപത് ചിത്രങ്ങളിലായി ദൃശ്യവല്‍ക്കരിച്ചിരിക്കുകയാണ് ഗായത്രി. കേരള ലളിതകലാ അകാദമിയുടെ മലപ്പുറം ആര്‍ട്ഗാലറിയില്‍ തുടങ്ങിയ ചിത്രപ്രദര്‍ശനം നാലു ദിവസം നീണ്ടു നില്‍ക്കും.

mpm-painting 3
ഒരു വര്‍ഷം നീണ്ടു നിന്ന സപര്യയിലൂടെയാണ് പാത്തുമ്മയുടെ ആടിനെ ഗായത്രി ചിത്രങ്ങളിലാക്കിയത്. അഞ്ചാം ക്ലാസില്‍ പാഠപുസ്തകമായിരുന്ന പാത്തുമ്മയുടെ ആട് ചിത്രകാരി ഇതിനായി പലതവണ വായിച്ചു. ബഷീറിന്റെ മറ്റ് പുസ്തകങ്ങളും വായിച്ചു. തുടര്‍ന്ന് വാട്ടര്‍കളര്‍,ക്രയോണ്‍സ്,പെന്‍,പെന്‍സില്‍,ഫാബ്രിക് പെയിന്റ് തുടങ്ങിയ ഉപയോഗിച്ച് വിവിധ രംഗങ്ങള്‍ വരക്കുകയായിരുന്നു.

 
പുസ്തകത്തില്‍ ബഷീര്‍ കോറിയിട്ട ജൈവവൈവിധ്യത്തിനാണ് ചിത്രങ്ങളില്‍ പ്രാധാന്യമുള്ളത്. പാത്തുമ്മയുടെ ജീവിത പരിസരങ്ങളിലെ സസ്യലതാതികളും വിവിധ ജീവികളും കാന്‍വാസില്‍ നിറയുന്നു. പാത്തുമ്മയും ആടുമായുള്ള ആത്്മബന്ധവും അവരുടെ കുസൃതികളുമെല്ലാം ഗായത്രി വര്‍ണ്ണങ്ങളില്‍ പ്രതിഫലിപ്പിക്കുന്നു. ബഷീറിന്റെ വീട്ടുപരിസരങ്ങളും ചിത്രങ്ങളില്‍ തെളിയുന്നുണ്ട്. വീട്ടിലെത്താറുള്ള മൂര്‍ഖന്‍ പാമ്പുകള്‍,ചേര,കരിന്തേള്‍, പൂച്ചകള്‍,എലികള്‍,പരുന്ത്,എറിയന്‍,കുറുക്കന്‍മാര്‍ എന്നിവ ചിത്രങ്ങളിലും കഥാപാത്രങ്ങളാകുന്നു.

 

mpm-painting 2

പുസ്തകത്തിലെ മറ്റ് കഥാപാത്രങ്ങളായ അബി,ലൈല,ആനുമ്മ.ഏശോന എന്നിവരും വര്‍ണ്ണങ്ങളില്‍ ജീവിക്കുന്നു.
പത്താമത്തെ വയസുമുതല്‍ ചിത്രകലയോടുത്ത ഗായത്രിയുടെ ആദ്യത്തെ ചിത്രപ്രദര്‍ശനമാണിത്.ഒരു വര്‍ഷമായി പരിശീലനം നേടിവരുന്നുണ്ട്. ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഇത്തവണ പെന്‍സില്‍ ഡ്രോയിംഗില്‍ ഒന്നാം സ്ഥാനവും വാട്ടര്‍ കളറില്‍ രണ്ടാം സ്ഥാനവും നേടി. വനം വകുപ്പ് സംഘടിപ്പിച്ച പെയിന്റിംഗ് മല്‍സരത്തിലും സമ്മാനിതയായിട്ടുണ്ട്.

mpm-painting 2 (2)

മലപ്പുറത്ത് അധ്യാപകരുടെ സഹകരണ സംഘത്തില്‍ ജോലി ചെയ്യുന്ന മുണ്ടുപറമ്പ് സ്വദേശി വിനോദ് ഓളക്കലിന്റെയും മഞ്ചേരി എന്‍.എസ്.എസ്.കോളേജില്‍ അധ്യാപികയായിരുന്ന ബിനുവിന്റെയും മകളാണ് ഗായത്രി.മാതാപിതാക്കള്‍ക്ക് ചിത്രകലയോടുള്ള സ്‌നേഹം തനിക്ക് ചിത്രരചനയില്‍ പ്രചോദനമായെന്ന് ഈ കൊച്ചു മിടുക്കി പറയുന്നു.ഗൗതം ഏകസഹോദരനാണ്.

Leave a Reply

Your email address will not be published. Required fields are marked *