ഇരിപ്പിടം കിട്ടിയില്ല; കെ.മുരളീധരന്‍ പിണങ്ങിപ്പോയി

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന സത്യാഗ്രഹ പന്തലില്‍ ഇരിപ്പിടം കിട്ടാതിരുന്നതില്‍ പ്രതിഷേധിച്ച് കെ.മുരളീധരന്‍ എംഎല്‍എ പിണങ്ങിപ്പോയി. സത്യാഗ്രഹ പന്തലില്‍ ഇരിക്കാനായി രാവിലെ തന്നെ മുരളീധരന്‍ എത്തിയെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം അവിടെ ഇടംപിടിച്ചിരുന്നു.

ഇതേതുടര്‍ന്ന് അല്‍പ്പനേരം ക്ഷമയോടെ കാത്തു നിന്നുവെങ്കിലും ഇരിപ്പിടം ഒരുക്കാന്‍ സംഘാടകര്‍ ശ്രമിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് മുരളീധരന്‍ സ്ഥലത്തു നിന്നും തിരികെ പോകുകയായിരുന്നു.

പരിപാടിയില്‍ പങ്കെടുക്കുന്ന ഘടക കക്ഷി നേതാക്കളില്‍ ഒരാള്‍ സീറ്റ് നല്കാന്‍ തയ്യാറായെങ്കിലും ഘടകകക്ഷികളെ ഇറക്കിയിട്ട് തനിക്ക് സീറ്റ് വേണ്ട എന്ന് പറഞ്ഞ് മുരളി സത്യാഗ്രഹത്തിന്റെ ഉദ്ഘാടനത്തിനു കാത്ത് നില്‍ക്കാതെ പോവുകയായിരുന്നു. അതേസമയം നേതാക്കള്‍ക്കൊപ്പം ഇരിപ്പിടം കൊടുക്കാത്തത് കെ.മുരളീധരനെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു. എന്നാല്‍ മറ്റു പരിപാടി ഉള്ളതിനാലാണ് കെ.മുരളീധരന്‍ പോയതെന്നും അത് കഴിഞ്ഞാലുടന്‍ അദ്ദേഹം സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്നുമാണ് സംഘാടകര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *