കാസര്‍കോട്: ജനവിരുദ്ധ സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും ഈ സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് യാതൊരു നീതിയും ലഭിക്കില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേഷ് ആരോപിച്ചു. വിദ്യാഭ്യാസ മേഖല ആകെ കുത്തഴിഞ്ഞ് കിടക്കുകയാണ്. എസ് എസ് എല്‍ സി ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന്റെ ഉത്തരരവാദിത്വത്തില്‍ നിന്നും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാറിനും ഒഴിഞ്ഞു മാറാന്‍ കഴിയില്ല.
വിദ്യാഭ്യാസ മന്ത്രി രാജി വെക്കുകയാണ് വേണ്ടത്. സ്ത്രീ സുരക്ഷയെ കുറിച്ച് പറയാന്‍ പിണറായി സര്‍ക്കാരിന് യാതൊരു അര്‍ഹതയുമില്ല. സ്ത്രീകളോട് മോഷമായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്ന മന്ത്രിമാരാണ് ഈ മന്ത്രിസഭയില്‍ ഉള്ളത്. ഗതാഗത മന്ത്രി ശശീന്ദ്രന് രാജി വെച്ചതു കൊണ്ട് മാത്രം സംഭവത്തിന്റെ ഗൗരവം കുറയുന്നില്ല.
ട്രാപ്പില്‍ പെടുത്തിയതാണെന്ന് പറഞ്ഞ് പ്രശ്നത്തെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ട്രാപ്പില്‍ പെട്ടാല്‍ നിയന്ത്രണം വിട്ട് പെരുമാറുന്നവര്‍ക്ക് മന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്ന് രമേഷ് പറഞ്ഞു. ഭൂമാഫിയകളുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം.
മൂന്നാറില്‍ സിപിഎം നേതാക്കളുടെ കയ്യേറ്റങ്ങള്‍ പുറത്തുവന്നത് ഭരണത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്ന് രമേഷ് പറഞ്ഞു. ബുധനാഴ്ച രാവിലെ കാസര്‍കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
