ഗ്ലോബല്‍ ഇന്ത്യന്‍ സമ്മിറ്റില്‍ പികെ കുഞ്ഞാലിക്കുട്ടി

ദുബായ്: ദേശീയഅന്തര്‍ദേശീയ കാര്യങ്ങളില്‍ രാഷ്ട്രത്തെ അഭിവൃദ്ധിപ്പെടുത്തു ന്നതും പൗരന്മാരുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കുന്നതുമായ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിശ്വസാഹചര്യങ്ങളും സാധ്യതകളും വിലയിരുത്തുന്നതിനായി ദുബായ് കെ.എം.സി.സി മെയ് 18ന് ഗ്ലോബല്‍ ഇന്ത്യ സമ്മിറ്റ് സംഘടിപ്പിക്കുന്നു. അല്‍ബറഹയിലെ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കോണ്‍സുല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മാറിമാറി വരുന്ന ഭരണാധികാരികളുടെ ആസൂത്രണ മികവുകള്‍ക്കനുസരിച്ച് ലോകക്രമവും മാറിക്കൊണ്ടിരിക്കും.

സാമ്പത്തിക ചലനങ്ങള്‍, സാമൂഹ്യ സാഹചര്യങ്ങള്‍, സാംസ്‌കാരിക സഹവര്‍ത്തിത്വങ്ങള്‍, നയതന്ത്ര ബന്ധങ്ങള്‍, മൗലികാവകാശങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ ഏത് ചലനവും മനുഷ്യ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തില്‍ വലിയ ആഘാതമുണ്ടാക്കും. രാഷ്ട്രത്തിന്റെ വളര്‍ച്ചയെയും പൗരജീവിത വികസനത്തെയും ഇത് അപകടപ്പെടുത്തുമോ എന്ന ആശങ്ക വര്‍ധിച്ചുവരുന്ന ഘട്ടത്തില്‍ ഗൗരവതരമായ ചിന്തയിലേക്ക് ഭരണകൂടത്തിന്റെയും ഭരണാധികാരികളുടെയും പ്രവാസ സമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കുകയാണ് സമ്മിറ്റിലൂടെ ഉദ്ദേശിക്കുന്നത്.

പ്രവാസി സമൂഹത്തിലെ സര്‍ക്കാര്‍ ഇടപെടലുകള്‍, രാഷ്ട്ര നന്മക്ക് മതേതര ശാക്തീകരണം, വാണിജ്യ വ്യവസായത്തിലെ ഇന്ത്യ, ജനാധിപത്യം നേരിടുന്ന വെല്ലുവിളി, സാമൂഹ്യ പരിഷ്‌കാരത്തിലെ അപകടങ്ങള്‍, മാധ്യമ സ്വാതന്ത്ര്യ നിയന്ത്രണത്തിന്റെ വിനകള്‍ എന്നീ അജണ്ടകള്‍ വിശകലനം ചെയ്യുന്ന സമ്മിറ്റില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വാണിജ്യ വ്യവസായ മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍, യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്്മാന്‍, ഖലീജ് ടൈംസ് സീനിയര്‍ എഡിറ്റര്‍ സുരേഷ് പട്ടാലി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മുന്‍ യു.എ.ഇ പ്രസിഡന്റ് എം.ജി പുഷ്പന്‍, ദേശാഭിമാനി ഫോറം ഡയറക്ടര്‍ ഗോപി, നോര്‍ക്ക മുന്‍ ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഇസ്മായില്‍ അരൂക്കുറ്റി, ട്രഷറര്‍ എ.സി ഇസ്മായില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *