ഇടുക്കി: കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് മന്ത്രി എംഎം മണി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാക്കളുള്‍പ്പെടെയുള്ളവര്‍ സ്ത്രീ പീഡകരാണ് ഇത് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യവുമാണ്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ സ്ത്രീ പീഡന ആക്ഷേപം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മണിക്കെതിരെ ചെന്നിത്തലയുള്‍പ്പെടെയുള്ളവരുടെ രൂക്ഷ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസില്‍ ഉള്‍പ്പെട്ട നിരവധി നേതാക്കള്‍, ലോകം ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന ശശി തരൂരിന്റെ ഭാര്യയുടെ മരണം, നിലന്പൂരിലെ രാധയുടെ മരണം എന്നിവ തെളിവാണ്. ചെന്നിത്തല സ്ത്രീകളെ ബഹുമാനിക്കണമെന്നതിനെക്കുറിച്ച് കൂടുതല്‍ പറയണ്ട, ചെന്നിത്തലയുടെ കാര്യം ഇവിടെ എല്ലാവര്‍ക്കും അറിയാവുന്നതാണ് അത് കൂടുതല്‍ എന്നെക്കൊണ്ട് പറയിക്കരുതെന്നും മണി ആഞ്ഞടിച്ചു.
പെമ്പിളൈ ഒരുമൈ സമരം അവസാനിപ്പിക്കാന്‍ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് കയ്യേറ്റം ഒഴിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു കയ്യേറ്റത്തോട് കോണ്‍ഗ്രസിനുള്ള നിലപാട് വ്യക്തമാക്കുന്നതാണ്. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന രമേശ് ചെന്നിത്തലയുടെ നിലപാടിനെയും മന്ത്രി വിമര്‍ശിച്ചു.
എല്ലാവരും പങ്കെടുക്കാനാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പങ്കെടുക്കില്ലെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല മാറി നില്‍ക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കാന്‍ കഴിയാത്തതിനാലാണ്. അഞ്ചു കൊല്ലം ഭരിച്ചിട്ടും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഒന്നും ചെയ്യാത്ത യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
