മലപ്പുറം: മൃഗങ്ങളെ മാംസാഹാരത്തിന് കശാപ്പുചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രകടനവും യോഗവും നടത്തി. എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മലില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ്, ബ്‌ളോക്ക് സെക്രട്ടറി സി ഇല്യാസ്, കെ എം അബ്ദുള്‍വഹാബ്, കെ അന്‍വര്‍, സി എം സിബ്ല എന്നിവര്‍ സംസാരിച്ചു.
മുസഌംലീഗ് നേതൃത്വത്തില്‍ പ്രകടനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അത്യധികം പ്രതിഷേധാര്‍ഹമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രസ്താവനയില്‍ പറഞ്ഞു.
മൃഗബലി നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരെ എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ എരമംഗലത്ത് പ്രതിഷേധ റാലി നടത്തി. ജില്ലാ പ്രസിഡന്റ് എം പി നൌഷാദ്, ജനറല്‍ സെക്രട്ടറി പി കെ അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു.
ഡിവൈഎഫ്‌ഐ വളാഞ്ചേരി ബ്‌ളോക്ക് കമ്മിറ്റി നേതൃത്വത്തില്‍ വളാഞ്ചേരി ടൌണില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വളാഞ്ചേരി എ കെ ജി സെന്റര്‍ പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം ടൌണ്‍ ചുറ്റി ദേശീയപാതയില്‍ ബസ്സ്റ്റാന്‍ഡിന് മുന്‍വശത്ത് സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് മെമ്പര്‍ സി രാജേഷ്, ബ്‌ളോക്ക് പ്രസിഡന്റ് ഐ വി രതീഷ്, ട്രഷറര്‍ എ സൈതലവി, സി പി സുനില്‍ദാസ്, സി സുരേഷ്, റിനീഷ് പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
സിപിഐ എം നേതൃത്വത്തില്‍ അങ്ങാടിപ്പുറത്ത് പ്രകടനവും വിശദീകരണ യോഗവും നടത്തി. എല്‍സി സെക്രട്ടറി കെ ടി നാരായണന്‍, കെ ടി അലി അസ്‌കര്‍, കെ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
