ഗോത്രബന്ധുഗോത്ര ജീവിക പദ്ധതി: ഉദ്ഘാടനം 4ന്

വയനാട്  ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ, എഡിഎം കെ എം രാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസ രംഗത്ത് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് സഹായകമാവുന്ന ഗോത്രബന്ധു പദ്ധതി വൈകീട്ട് നാലിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആദിവാസി വിഭാഗത്തില്‍പ്പെട്ട 241 അധ്യാപകരെയാണ് ജില്ലയിലെ സ്‌കൂളുകളില്‍ നിയമിക്കുന്നത്.

ഇതിലൂടെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറക്കാന്‍ സാധികും. അവരുടെ ഭാഷയിലൂടെ അധ്യയനം സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാതിവഴിയില്‍ സ്‌കൂളുകളില്‍നിന്നും ആദിവാസി വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നതിന്റെ പ്രധാന  കാരണം ഭാഷാപരമായ പ്രശ്‌നങ്ങളാണ്. അതോടൊപ്പം ഈ പിന്നോക്ക വിഭാഗത്തിലെ വിദ്യാഭ്യാസമ്പന്നര്‍ക്ക് ജോലി ഉറപ്പാക്കാനുമാവും.
പണിയ, അടിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഉദ്യോഗര്‍ഥികള്‍ക്കും ജോലിഉറപ്പാക്കിയിട്ടുണ്ട്.

അവശേഷിക്കുന്ന തസ്തിക മറ്റ് വിഭാഗങ്ങള്‍ക്ക് നല്‍കും. തിങ്കളാഴ്ച മുതല്‍ അധ്യാപകര്‍ കഌസുകളിലെത്തും.ആദിവാസി ഭവന നിര്‍മാണ മേഖലയിലെ അഴിമതിയും തട്ടിപ്പും അവസാനിപ്പിക്കുന്നതിന് സഹായകമാവുന്ന പദ്ധതിയായ ഗോത്ര ജീവിക പദ്ധതിക്കും മുഖ്യമന്ത്രി ചടങ്ങില്‍ തുടക്കം കുറിക്കും. വീടുകളുടെ നിര്‍മാണം, വയറിങ്, പഌബിങ്, ആശാരിപ്പണി തുടങ്ങിയ ജോലികള്‍ക്ക് ആദിവാസി വിഭാഗത്തിലുള്ള പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തില്‍ 350പേര്‍ക്ക് പരിശീലനം നല്‍കും. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം, കുടുംബശ്രീഗ ഗോത്രവര്‍ഗ സുസ്ഥിര വികസന പദ്ധതി എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എംഎല്‍എമാര്‍, എംപി തുടങ്ങിയവര്‍ പങ്കെടുക്കും. പകല്‍ 11ന്  കോട്ടത്തറ കരിങ്കുറ്റിയില്‍ പട്ടകവര്‍ഗ വികസന വകുപ്പ് നിര്‍മിച്ച പ്രീമെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രൈബല്‍ പ്രൊജക്ട് ഓഫീസര്‍ വാണിദാസും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *