മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളും സകൂള്‍ വരാന്തകളും ടൈല്‍ വിരിച്ച് ഏറനാട് മണ്ഡലത്തിലെ സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ ചുവട് വെയ്പ് നടത്തുന്നു. പി കെ ബഷീര്‍ എം എല്‍ എ നടപ്പാക്കിയ ഏറ്റം മുന്നേറ്റം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നത്. മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തില്‍ വരുന്ന 86 എല്‍ പി, യു പി സ്‌കൂളികളിലുമായി 664 ക്ലാസ്സ് റൂമുകളിലായി പദ്ധതി നടപ്പാക്കും. ഇത് സംബന്ധിച്ച രൂപരേഖയ്ക്ക് എടവണ്ണയില്‍ നടന്ന യോഗത്തില്‍ അംഗീകാരം നല്‍കി.
എം എല്‍ എ ഫണ്ടിനു പുറമേ പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പി ടി എയുടേയും ഫണ്ട് ഉപയോഗിച്ചാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കുന്നത്. എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്മെന്റും പി ടി എയും എം.എല്‍.എയുടെ പ്രത്യേക ശ്രമഫലമായി സ്വകാര്യ വ്യക്തികളായ സ്‌പോണ്‍സറെ കണ്ടെത്തി യോജിച്ചാണ് പദ്ധതി നടപ്പാക്കുക. ക്ലാസ് മുറികള്‍ക്ക് പുറമേ പാചകപ്പുരയും, മൂത്രപ്പുരകളും, സ്‌കൂള്‍ വരാന്തകളും ടൈല്‍ പാകി മനോഹരമാക്കും.
ആഗസ്റ്റില്‍ പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്ന് പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മണ്ഡലത്തിലെ മുഴുവന്‍ എല്‍ പി, യു പി സ്‌കൂളുകളും ടൈല്‍ വിരിച്ച് മനോഹരമാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വൃത്തിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെയും, അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം പദ്ധതി പ്രകാരം ഹൈസ്‌കൂളുകള്‍ ഹൈടെക് ആക്കുന്ന പദ്ധതിയും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ മണ്ഡലത്തിലെ ഏഴു പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് മെമ്പര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പ്രധാന അധ്യാപകരും എസ്.എം സി & പി ടി എ യും മാനേജര്‍മാരും സംബന്ധിച്ചു.
