പൂവന്‍മലയില്‍ വീണ്ടും കൊയ്ത്തുപാട്ടുയരും…

റാന്നി :  നിലമൊരുക്കലും വിത്തുവിതയ്ക്കലും കൊയ്ത്തു പാട്ടും…
എല്ലാം വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങാടി പൂവന്‍മലയില്‍ വീണ്ടുമെത്തുകയായി. കെഎസ്‌കെടിയു റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്തിലാണ് പൂവന്‍മലയിലെ തരിശുപാടത്ത് വീണ്ടും നെല്‍കൃഷിയിറക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി മത്തായി ചാക്കോ നിര്‍വഹിച്ചു.

 

 

എല്ലാ ഏരിയ കമ്മിറ്റികളിലും തരിശുനിലത്ത് കൃഷിയിറക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് റാന്നി ഏരിയ കമ്മിറ്റി പി കെ കുഞ്ഞച്ചന്‍ ദിനാചരണത്തോടനുബന്ധിച്ച് നെല്‍കൃഷിക്ക് തുടക്കമിട്ടത്.
കെഎസ്‌കെടിയു നേതാവ് മാത്യു വാര്യത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ തരിശു നിലത്താണ് നെല്‍കൃഷി ചെയ്യുന്നത്. കളകള്‍ നിറഞ്ഞ നിലമൊരുക്കാന്‍ വനിതകള്‍ ഉള്‍പ്പെടെ  പ്രവര്‍ത്തകര്‍ പാടത്തിറങ്ങിയിരിക്കുകയാണ്. കളകള്‍ മാറ്റി പാടത്തിനു മധ്യത്തിലൂടെയുള്ള വെള്ളച്ചാല്‍ വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കി നിലമൊരുക്കലാണ് ആദ്യ പ്രവൃത്തി. ഇതിന്  ശേഷം അടുത്തയാഴ്ചതന്നെ ഇവിടെ വിത്തെറിയാം എന്ന പ്രതീക്ഷയിലാണിവര്‍.

 
കര്‍ഷകരുടെ ഈ കൂട്ടായ്മയക്ക് എല്ലാ സഹായങ്ങളുമായി കൃഷി അസി. ഡയറക്ടര്‍ ടോണി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉണ്ട്. വിത്തും വളവും നിര്‍ദ്ദേശങ്ങളും നല്‍കുക കൃഷി വകുപ്പാണ്. കര്‍ഷകരുടെ കൂട്ടായ്മ പ്രചോദനമായാല്‍ റാന്നിയില്‍ തരിശുകിടക്കുന്ന നൂറുകണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങള്‍ കതിരണിയും. ഏരിയ സെക്രട്ടറി വി കെ സണ്ണി, പ്രസിഡന്റ് എം എസ് രാജേന്ദ്രന്‍, ടി ആര്‍ സദാനന്ദന്‍, കെ വി രാജപ്പന്‍, രാധാ പ്രസന്നന്‍, രാധാമണി, അസി. കൃഷി ഡയറക്ടര്‍ ടോണി മാത്യു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *