മത്സ്യോത്സവവും മത്സ്യഅദാലത്തും ജൂലൈ 7, 8, 9 തിയ്യതികളില്‍ താനൂരില്‍

മലപ്പുറം ജില്ലാതല മത്സ്യോത്സവം ജൂലൈ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ താനൂരില്‍ നടക്കുമെന്ന് വി. അബ്ദുറഹിമാന്‍ എം.എല്‍.എ അറിയിച്ചു. പരിപാടി ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.  താനൂര്‍ ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ തീരദേശ മേഖലയിലെ മുഴുവന്‍ ആളുകളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രത്യേക അദാലത്ത് നടത്തും. അദാലത്തില്‍ മന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കുകയും പരാതികള്‍ക്ക് തല്‍സമയം പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും.

 

അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 19 മുതല്‍ മത്സ്യഭവനുകളില്‍ വിതരണം ചെയ്യും.  മത്സ്യോല്‍സവത്തില്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍,പവലയിനുകള്‍ എന്നിവ ഉണ്ടാകും.  വൈകിട്ട് കലാ പരിപാടികളും നടക്കും. പരിപാടിയുടെ ഭാഗമായി മേഖലയിലെ പൊതുജനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കലാ-കായിക മത്സരവും സംഘടിപ്പിക്കും.

 

 

വിജയികള്‍ക്ക് മത്സ്യോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ സമ്മാനങ്ങള്‍ നല്‍കും. തീരദേശ മേഖലയിലെ മുഴുവന്‍ ആളുകളേയും പങ്കാളികളാക്കുന്ന രീതിയാലാണ് പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്യുന്നത്.
മലപ്പുറം, പാലക്കാട്, തൃശൂര്‍,വയനാട് മേഖലയിലെ മത്സ്യത്തൊഴിലാളികളാണ് മേളയില്‍ പങ്കാളികളാവുക.  പരിപാടിയുടെ മുന്നോടിയായി വിളംബര ജാഥയും സംഘടിപ്പിക്കും.

 

 

മേളയുടെ നടത്തിപ്പിനായി ജില്ലാതല സംഘാടക സമിതിയും നിലവില്‍ വന്നു.  വിവിധ വകുപ്പുകളുടെ എക്‌സ്ബിഷന്‍ സ്റ്റാളുകള്‍, കലാ പരിപാടികള്‍, തീരമൈത്രി സംഗമം, മത്സ്യകര്‍ഷക സംഗമം, മത്സ്യത്തൊഴിലാളി സംഗമം, കലാപരിപാടികള്‍ എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുക. ഇതു സംബന്ധിച്ച് കലക്ട്രറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ജനപ്രതിനിധികള്‍ ,ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *