കൊച്ചി: പ്രായത്തിന്റെ അവശതകള്‍ കാല്‍മുട്ടിന് ചെറിയ വേദനയുണ്ടാക്കുന്നുണ്ടെങ്കിലും കാഞ്ചവല്ലി അമ്മൂമ്മ ആവേശത്തോടെയാണ് കൊച്ചി മെട്രോ സ്റ്റേഷന്റെ പടികള്‍ കയറിയത്. കൊച്ചിയിലെ ആകാശ യാത്രയില്‍ പങ്കാളിയാകുന്നതിന്റെ സന്തോഷവും വിസ്മയവുമായിരുന്നു ആ മുഖത്ത്. ഫോര്‍ട്ടുകൊച്ചി വെളിയിലുള്ള വൃദ്ധ സദനത്തില്‍ നിന്നാണ് പ്രായം എണ്‍പതിനോടടുക്കുന്ന കാഞ്ചനവല്ലി കൊച്ചി മെട്രോ യാത്രയ്‌ക്കെത്തിയത്.
കുട്ടികളും ഭിന്നശേഷിക്കാരും വൃദ്ധസദനത്തില്‍ നിന്നുള്ള അന്തേവാസികള്‍ക്കുമായി മാറ്റിവെച്ചിരുന്ന മെട്രോ യാത്രയില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കാളിയായി. കുട്ടികള്‍ക്കും അമ്മൂമ്മമാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമൊപ്പം മധുരം പങ്കിട്ടും സെല്‍ഫിയെടുത്തും മന്ത്രിയും ആകാശ യാത്ര അവസ്മരണീയമാക്കി.
സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള 130 അന്തേവാസികളും ജില്ല കളക്ടറുടെ നേരിട്ടുള്ള സംരംഭമായ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രനില്‍ (ഒആര്‍സി) നിന്നുള്ള 20 കുട്ടികളുമടക്കം 150 പേരാണ് മെട്രോ യാത്ര നടത്തിയത്. സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 450 ഭിന്നശേഷിക്കാരായ കുട്ടികളും മെട്രോ യാത്ര നടത്തി. ചലച്ചിത്ര നടി രജീഷയും മെട്രോ യാത്രയില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു.
കളമശേരി മുതല്‍ ആലുവ വരെയായിരുന്നു മെട്രോയിലെ പ്രത്യേക യാത്ര സംഘടിപ്പിച്ചത്. വിവിധ സംഘങ്ങളായി തിരിച്ച് പ്രത്യേകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും യാത്ര ഒരുക്കിയത്. സമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, സാമൂഹ്യ നീതി മിഷന്‍ ഡയറക്ടര്‍ ഡോ. അഷീല്‍, റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രീതി വില്‍സണ്‍, എന്നിവരും യാത്രയില്‍ പങ്കെടുത്തു.
