നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ മുസ്ലിംകള്‍ക്കു നേര്‍ക്ക് ആക്രമണം

ലണ്ടന്‍: ലണ്ടനിലെ ഫിന്‍സ്‌ബെറി പാര്‍ക്കില്‍ രാത്രി നമസ്‌കാരം കഴിഞ്ഞ് മടങ്ങിയവര്‍ക്കു നേരെ വാന്‍ ഇടിച്ചുകയറ്റി ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ വെള്ളക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. രണ്ട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

പ്രാദേശിക സമയം രാത്രി 12.20 നാണ് ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദിനു സമീപത്തെ സെവന്‍ സിസ്റ്റേഴ്‌സ് റോഡില്‍ ആക്രമണമുണ്ടായത്. പള്ളിക്കു പുറത്തെ ബസ് സ്റ്റോപ്പില്‍ കുഴഞ്ഞുവീണ ഒരു വൃദ്ധനെ സഹായിക്കുന്നവര്‍ക്കു നേരെ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. വാഹനത്തില്‍ നിന്ന് കത്തികളുമായി ഇറങ്ങിയ മൂന്നുപേര്‍ ആക്രമണം നടത്തിയെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ ചെറുത്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഉണ്ടായിരുന്ന പള്ളിയിലേക്ക് കടക്കാന്‍ ശ്രമിച്ച അക്രമികളെ മറ്റുള്ളവര്‍ കീഴ്‌പ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

നിരവധി പോലീസ് കാറുകളും ആംബുലന്‍സുകളും സംഭവ സ്ഥലത്തെത്തി. വാന്‍ ഓടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മറ്റു രണ്ടുപേരും ഓടി രക്ഷപ്പെട്ടു. ‘ഞാന്‍ മുസ്ലിംകളെ കൊല്ലും’ എന്ന് ഭീഷണി മുഴക്കിയാണ് ഇയാള്‍ കത്തിവീശിയിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഈ മാസാദ്യം ലണ്ടന്‍ ബ്രിഡ്ജില്‍ മുസ്ലിം ഭീകരര്‍ നടത്തിയ ആക്രമണത്തോടുള്ള പ്രതികാരമാണ് ഇതെന്ന് സൂചനയുണ്ട്. ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നട യാത്രക്കാര്‍ക്കു നേരെയുണ്ടായ വാന്‍, കത്തി ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *