ആലപ്പുഴ കുടിവെള്ളപദ്ധതി: പ്രശ്‌ന പരിഹാരത്തിന് ഉന്നത തല യോഗം വിളിക്കണമെന്ന് കെ.സി വേണുഗോപാല്‍ എം.പി

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതി നടത്തിപ്പ് താറുമാറായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അടിയന്തിര യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എം.പി, ജലമന്ത്രി മാത്യു ടി. തോമസിന് കത്തയച്ചു. പദ്ധതി ഉദ്ഘാടനം കഴിഞ്ഞു ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൈപ്പ് പൊട്ടുന്നതും പല പ്രദേശത്തും വെള്ളം കിട്ടുന്നില്ലെന്ന പരാതികളും വ്യാപകമായി. ചില പ്രദേശങ്ങളില്‍ വാല്‍വുകളുടെ തകരാറുമൂലം ജലവിതരണം മുടങ്ങി.

ശുദ്ധജലത്തിനു പകരം മിക്ക സ്ഥലത്തും മലിനജലം ലഭിക്കുന്നുവെന്ന പരാതികളും വ്യാപകമാണ്. കൃത്യമായ മേല്‍നോട്ടമില്ലാത്തതും പമ്ബിങ്ങിംഗില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ചോര്‍ച്ചയുമാണ് കാരണം. ആലപ്പുഴയിലെ നഗരസഭയിലെ പല പ്രദേശങ്ങളിലും പഞ്ചായത്തുകളിലും കഴിഞ്ഞ കുറെ ദിവസങ്ങളായി കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. ആലപ്പുഴ കുടിവെള്ള പദ്ധതിയെ കുറിച്ചുള്ള പരാതികള്‍ എവിടെ പറയണമെന്നോ ഏതെങ്കിലും ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞാല്‍ തന്നെ അത് എപ്പോള്‍ പരിഹരിക്കുമെന്നോ ആര്‍ക്കും ഒരു ഉറപ്പും ഇല്ല.

ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ല.

വിഷയത്തില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും പരിഹാരത്തിനായി ഉന്നത തല യോഗം വിളിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. പരാതിപരിഹാര സംവിധാനവും അതിനാവശ്യമായ സ്റ്റാഫിനേയും ഏര്‍പ്പെടുത്തി പദ്ധതിയുടെ ഗുണഫലങ്ങള്‍ പൂര്‍ണമായി പൊതുജനങ്ങള്‍ക്ക് കിട്ടുന്നതിന് നടപടിയുണ്ടാകണമെന്നും വേണുഗോപാല്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *