സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കാനം

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടും തലസ്ഥാനത്തത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ മുന്‍ നിര്‍ത്തിയും സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്തെ ക്രമസമാധാനിലയും നിയമവാഴ്ചയും തകര്‍ന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞ കാനം, അക്രമമുണ്ടായാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലന്നും വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തെയും കാനം പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് ശക്തിപോരാ എന്ന് മുസ്‌ലീം ലീഗ് അടക്കമുളള്ളവര്‍ വിമര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാകാം അദ്ദേഹം കോഴിക്കോട്തന്നെ ഉപവാസം നടത്താന്‍ തീരുമാനിച്ചതെന്നു പറഞ്ഞ കാനം ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്ത് ഉണ്ടായ സംഭവവികാസങ്ങളൊന്നും ആരും മറന്നിട്ടില്ലെന്നും ഓര്‍മ്മിപ്പിച്ചു.

തിരുവനന്തപുരം കൊലപാതകവുമായി ബന്ധപ്പെട്ട് ചെന്നിത്തലയുള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം കണ്ടാല്‍ കുറ്റകൃത്യം നടക്കുന്നതിന് മുന്‍പ് പ്രതികള്‍ പിടിയിലാകണമായിരുന്നു എന്ന് തോന്നിപ്പോകുമെന്നും കാനം പരിഹസിച്ചു. കുറ്റപ്പെടുത്തുന്നവര്‍ എവിടെയാണ് ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതന്നുകൂടി പറയണം. അടുത്തകാലത്ത് നടന്ന കുറ്റകൃത്യങ്ങളിലെല്ലാം ആഭ്യന്തര വകുപ്പ് മുഖം നോക്കാതെ നടപടിയെടുത്തു. അങ്ങനെയുള്ളപ്പോള്‍ സര്‍ക്കാരിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയും ഉയരുന്ന വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *