കല്‍പ്പറ്റ: മതേതരത്വത്തിന് എതിരെയുള്ള വെല്ലുവിളികള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ക്കെന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല സ്വാതന്ത്യ്രദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന് എതിരെയുള്ള ചെറുതും വലുതുമായ വെല്ലുവിളികളെ അതിജീവിക്കാന്‍ ഏവരും കരുത്താര്‍ജിക്കണം. രാജ്യത്തെ ആചാരവും വിശ്വാസവും സാംസ്‌കാരികതകളുമെല്ലാം ഒരുപോലെ വീക്ഷിക്കണം. വൈവിധ്യങ്ങളുടെ സംരക്ഷണവും കടമയായി ഏറ്റെടുക്കണം.
സാംസ്‌കാരിക പൈതൃക സംരക്ഷണത്തോടൊപ്പം നാടിന്റെ വികസനവും സംസ്ഥാന സര്‍ക്കാര്‍ ഗൌരവമായാണ് കാണുന്നത്. 2018 ജനവരിയോടെ കേരളത്തെ മാലിന്യത്തില്‍ നിന്നും സ്വതന്ത്രമാക്കാനുള്ള ഊര്‍ജിത ശ്രമമാണ് ഏറ്റെടുത്തിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്ത്വത്തില്‍ ജനകീയ പങ്കാളിത്തതോടെയാണ് ലക്ഷ്യം പൂര്‍ത്തീകരിക്കുക. ആഗസ്റ്റ് ആറ് മുതല്‍ 13വരെ നടത്തിയ ഗൃഹസന്ദര്‍ശനത്തിലൂടെ മാലിന്യ സംസ്‌കരണ നിര്‍ണയ പഠനം മുന്നേറി. ഇനി വാര്‍ഡ് തലത്തില്‍ ശുചിത്വ സംഗമങ്ങള്‍ നടത്തി മാലിന്യ സംസ്‌കരണത്തിന് കാതലായ രൂപരേഖയുണ്ടാക്കുമെന്നും മന്ത്രി സ്വാതന്ത്യ്രദിന സന്ദേശത്തില്‍ പറഞ്ഞു. സ്വാതന്ത്യ്ര സമരസേനാനി എ എസ് നാരായണപ്പിള്ളയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ ഉമൈബ മൊയ്തീന്‍ കുട്ടി, വി ആര്‍ പ്രവീജ്, കല്‍പ്പറ്റ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, കലക്ടര്‍ എസ് സുഹാസ്, എഡിഎം കെ എം രാജു, ജില്ലാ പൊലീസ് മേധാവി അരുള്‍ ബി കൃഷ്ണ, മുന്‍ വയനാട് ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് എന്നിവര്‍ സംസാരിച്ചു.
