കല്‍പ്പറ്റ നോര്‍ത്ത് വയനാട് ഡിവിഷനില്‍ നടന്ന മഴക്കാല പക്ഷിസര്‍വേയില്‍ 92 ഇനം പക്ഷികളെ കണ്ടെത്തി. എട്ടുവര്‍ഷത്തിന് ശേഷമാണ് ഈ ഡിവിഷനില്‍ പക്ഷി സര്‍വേ നടത്തിയത്. അഞ്ച് ഇനം വീതം ബുള്‍ബുളുകള്‍, പരുന്തുകള്‍, ഏഴ് ഇനം ചിലപ്പന്‍, അഞ്ച് ഇനം പ്രാവുകള്‍ എന്നിവയെ സര്‍വേയില്‍ കണ്ടെത്തി.
പശ്ചിമഘട്ട മലനിരകളില്‍ ഉയരം കൂടിയ പുല്‍മേടുകളില്‍ മാത്രം കാണുന്ന നെല്‍പൊട്ടന്‍(ഗോള്‍ഡ് ഹെഡഡ് സിസ്റ്റികോള), പോതക്കിളി(ബ്രോഡ് ടെയല്‍ഡ് ഗ്രാസ്സ് ബേര്‍ഡ്) എന്നിയവുടെ സാന്നിധ്യവുമുണ്ട്. ബ്രഹ്മഗിരി മലനിരകളിലെ പുല്‍മേടിലാണ് ഈ അപൂര്‍വയിനം പക്ഷികളെ കണ്ടെത്തിയത്. പശ്ചിമഘട്ട മലനിരകളിലെ തനത് പക്ഷികളില്‍ 11 എണ്ണത്തെ നോര്‍ത്ത് വയനാട് ഡിവിഷനില്‍ ഉണ്ട്. കൂടാതെ പുല്ലപ്പന്‍, ചെമ്പന്‍ എറിയന്‍ എന്നിവയേയും കണ്ടു.
ശക്തമായ മഴയിലും നിബിഡവനത്തിലൂടെയയായിരുന്നു സര്‍വേ. ഡിഎഫ്ഒ കെ സി പ്രസാദ്, റേഞ്ച് ഓഫീസര്‍മാരായ നജ്മല്‍ അമീന്‍, പ്രേം ഷമീര്‍, അരുണേഷ്, കെ ജെ ജോണ്‍സണ്‍ എന്നിവര്‍ സര്‍വേ കോഓര്‍ഡിനേറ്റ് ചെയ്തു. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ 25 പക്ഷിനിരീക്ഷകര്‍ പങ്കെടുത്തു.
