ഒറ്റാവ: വനിതാ മന്ത്രിയോട് ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ എം പി പുലിവാല്‍ പിടിച്ചു. വനിതാ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കനേഡിയന്‍ എംപിയാണ് സമൂഹത്തിന്റെ മുന്നില്‍ നാണംകെട്ടത്. കനേഡിയന്‍ പരിസ്ഥിതി വനിതാ മന്ത്രി മക് കെന്നയെ ‘കാലാവസ്ഥാ സുന്ദരി’ എന്ന് പരിഹസിച്ച കണ്‍സര്‍വേറ്റീവ് എം പി ഗെരി റിറ്റ്‌സാണ് പുലിവാല് പിടിച്ചത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് നല്‍കുമ്‌ബോള്‍ നടത്തിയ പരാമര്‍ശത്തിന് മന്ത്രി ചുട്ടമറുപടിയാണ് നല്‍കിയത്. അതിന് പിന്നാലെ മറ്റുള്ളവര്‍ കൂടി വിഷയം ഏറ്റെടുത്തതോടെ എംപി മാപ്പു പറഞ്ഞ് തടിയൂരി.
എം പിയുടെ ‘ക്‌ളൈമറ്റ് ബാര്‍ബി’ എന്ന തമാശ കലര്‍ന്ന പരിഹാസം ലിംഗപരമായ രീതിയില്‍ മറ്റുള്ളവര്‍ ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. വിമര്‍ശനം ഉയര്‍ന്നതോടെ എം പി പിന്നീട് ട്വീറ്റ് ഡിലീറ്റു ചെയ്തു. മന്ത്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ”ക്‌ളൈമറ്റ് ബാര്‍ബി” എന്ന പരാമര്‍ശം കണ്ട് വനിതാ മന്ത്രി പൊട്ടിത്തെറിക്കുകയായിരുന്നു. ”ഇത്തരം ലൈംഗിക പരാമര്‍ശങ്ങള്‍ സ്വന്തം അമ്മയോടും പെങ്ങമ്മാരോടും രക്തത്തില്‍ പിറന്ന മകളോടും ചോദിക്കാറുണ്ടോ? ” എന്നായിരുന്നു മന്ത്രിയുടെ തിരിച്ചടി. മാത്രമല്ല ഇത്തരം അശല്‍ല കമന്റുകള്‍ക്കൊന്നും ഞങ്ങളെ തടയാനാകില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇനിയും നമുക്ക് സ്ത്രീകളെ ആവശ്യമുണ്ടെന്നും മന്ത്രി തിരിച്ചടിച്ചു.
ഇത്തരം അവഗണനകള്‍ക്ക് കനേഡിയന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്നായിരുന്നു പാര്‍ലമെന്റില്‍ സഭാ തലവന്‍ ബര്‍ദിഷ് ചാഗറിന്റെ പ്രതികരണം. ലൈംഗികാധിക്ഷേപം ഒരിക്കലും അനുവദിക്കാനാകില്ലെന്ന് പൈതൃകമന്ത്രി മെലാനി ജോളിയും പറഞ്ഞു. സസ്‌കാച്ചിവന്‍ പ്രവിശ്യയെയാണ് റിറ്റ്‌സ് പ്രതിനിധീകരിക്കുന്നത്. രണ്ടു ദശാബ്ദത്തിന് ശേഷം താന്‍ രാഷ്ട്രീയം വിടുമെന്ന് ഇയാള്‍ അടുത്തിടെ പറഞ്ഞിരുന്നു.
